തിരുനക്കര ബസ്സ്റ്റാൻഡ്; കാത്തിരിക്കുന്നു, കാത്തിരിപ്പ് കേന്ദ്രത്തിനായി
text_fieldsകോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡിലെ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണം സംബന്ധിച്ച നടപടി ഇഴയുന്നു. ഈ മാസം ഏഴിനു ചേർന്ന കൗൺസിൽ യോഗത്തിൽ കരാർ വ്യവസ്ഥകളും കാത്തിരിപ്പ് കേന്ദ്രത്തിന്റെ മാതൃകയും കൗൺസിൽ യോഗം അംഗീകരിച്ചതാണ്. എന്നാൽ, ഇതുവരെ കരാർ ഒപ്പിടാനായിട്ടില്ല. വ്യവസ്ഥകളിൽ ഏജൻസി കൂട്ടിച്ചേർക്കലുകൾ വരുത്തിയതിനാൽ ആദ്യകരാർ കഴിഞ്ഞ ദിവസം മടക്കിയിരുന്നു. കൗൺസിലിന്റെ നിർദേശങ്ങൾ അനുസരിച്ച് പുതിയ കരാർ തയാറാക്കാനും ആവശ്യപ്പെട്ടു.
ഇതുപ്രകാരം അടുത്ത ദിവസം കരാർ ഒപ്പിടുമെന്നാണ് അധികൃതർ നൽകുന്ന വിവരം. യാത്രക്കാരുടെ പരാതിയെത്തുടർന്ന് ഒമ്പതുമാസം നീണ്ട ഇടവേളക്കുശേഷം ജൂൺ 13നാണ് സ്റ്റാൻഡിൽ ബസ് കയറിത്തുടങ്ങിയത്. കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ വൈകുമെന്നതിനാൽ ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെ ഇടപെടലിനെത്തുടർന്ന് അടിയന്തരമായി സ്റ്റാൻഡ് തുറന്നുകൊടുക്കുകയായിരുന്നു. നഗരസഭ സ്വന്തമായി കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമ്പോൾ ടെൻഡർ നടപടിയടക്കം പൂർത്തിയാക്കാൻ കാലതാമസം വരുമെന്നു ചൂണ്ടിക്കാട്ടിയാണ് സ്പോൺസറെ തേടിയത്. എന്നാൽ, സ്പോൺസറെ കിട്ടിയിട്ടും കാത്തിരിപ്പ് കേന്ദ്രത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. വെയിലും മഴയും ഏറ്റാണ് യാത്രക്കാർ സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നത്.
രാത്രിയായാൽ വെളിച്ചവുമില്ല. നിർമാണം തുടങ്ങിയാൽ ഒരു മാസത്തിനകം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. കാത്തിരിപ്പ് കേന്ദ്രത്തിൽ സ്റ്റീൽ ബാർ കൊണ്ടുള്ള ഇരിപ്പിടങ്ങൾ വേണം. വൈദ്യുതി ചാർജ് നിർമാണ ഏജൻസി തന്നെ വഹിക്കണം. 11 മാസത്തേക്കാണ് കരാർ. പ്രതിവർഷം നാലുലക്ഷം രൂപ ഡെപ്പോസിറ്റായി ഏജൻസി നഗരസഭക്ക് നൽകണം. 50 ശതമാനം തുക നൽകിയാലേ പ്രവർത്തനാനുമതി അനുവദിക്കൂ. കാത്തിരിപ്പ് കേന്ദ്രത്തിന്റെ പ്രധാന ബോർഡിൽ നഗരസഭയുടെ പേര് പ്രദർശിപ്പിക്കണം. ചട്ടപ്രകാരം ഏജൻസിക്ക് അവരുടെ പരസ്യം പ്രദർശിപ്പിക്കാമെന്നും വ്യവസ്ഥകളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.