തിരുനക്കര ബസ് സ്റ്റാൻഡ്; കാത്തിരിപ്പുകേന്ദ്രം നിർമാണം പത്തുദിവസത്തിനകം തുടങ്ങും
text_fieldsകോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിലെ താൽക്കാലിക കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണം പത്തുദിവസത്തിനകം തുടങ്ങും. ഇതുസംബന്ധിച്ച് തയാറാക്കിയ കരാർ വ്യവസ്ഥകളും കാത്തിരിപ്പുകേന്ദ്രത്തിന്റെ മാതൃകയും ഭേദഗതികളോടെ കൗൺസിൽ യോഗം അംഗീകരിച്ചു. ഒരു മാസത്തിനകം നിർമാണം പൂർത്തിയാക്കണം. കാത്തിരിപ്പുകേന്ദ്രത്തിൽ സ്റ്റീൽ ബാർ കൊണ്ടുള്ള ഇരിപ്പിടങ്ങൾ വേണം. വൈദ്യുതി ചാർജ് നിർമാണ ഏജൻസി തന്നെ വഹിക്കണം.
11 മാസത്തേക്കാണ് കരാർ. പ്രതിവർഷം നാലുലക്ഷം രൂപ ഡെപ്പോസിറ്റായി ഏജൻസി നഗരസഭക്ക് നൽകണം. 50 ശതമാനം തുക നൽകിയാലേ പ്രവർത്തനാനുമതി അനുവദിക്കൂ. കാത്തിരിപ്പുകേന്ദ്രത്തിന്റെ പ്രധാന ബോർഡിൽ നഗരസഭയുടെ പേര് പ്രദർശിപ്പിക്കണം. ചട്ടപ്രകാരം ഏജൻസിക്ക് അവരുടെ പരസ്യം പ്രദർശിപ്പിക്കാം.
കംഫർട്ട് സ്റ്റേഷൻ നഗരസഭ ഏറ്റെടുക്കും
ബസ് സ്റ്റാൻഡിൽ റോട്ടറി ക്ലബ് നടത്തിവന്നിരുന്ന കംഫർട്ട് സ്റ്റേഷൻ നഗരസഭ ഏറ്റെടുത്ത് അടിയന്തരമായി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു. മാസങ്ങളായി കംഫർട്ട് സ്റ്റേഷൻ അടഞ്ഞുകിടക്കുകയാണ്. സ്റ്റാൻഡിലെത്തുന്ന യാത്രക്കാരും ഓട്ടോറിക്ഷ -ടാക്സി ഡ്രൈവർമാരും സമീപ കടകളിലെ ജീവനക്കാരും ഇതു മൂലം ബുദ്ധിമുട്ടിലാണ്. നഗരസഭയുടെ സ്ഥലത്ത് ബി.ഒ.ടി വ്യവസ്ഥയിൽ പണിതതാണ് കംഫർട്ട് സ്റ്റേഷൻ. അഞ്ചുവർഷം കഴിഞ്ഞ് നഗരസഭക്ക് തിരികെ നൽകാമെന്നായിരുന്നു വ്യവസ്ഥ.
എന്നാൽ, ആ കാലാവധി കഴിഞ്ഞും റോട്ടറി ക്ലബ് നടത്തിവരികയായിരുന്നു. 2016 മാർച്ച് വരെ ലൈസൻസ് പുതുക്കി. 2021 സെപ്തംബർ മുതൽ വാടക കുടിശ്ശികയാണ്. പലതവണ നോട്ടീസ് നൽകി. ജൂൺ 26നാണ് അവസാനമായി നോട്ടീസ് നൽകിയത്. വെള്ളക്കരവും വൈദ്യുതിക്കരവും കുടിശ്ശികയായതിനെതുടർന്ന് കണക്ഷനുകൾ വിച്ഛേദിച്ചിരുന്നു.
ആംബുലൻസ് ഡ്രൈവർമാരിൽ നിന്ന് വിശദീകരണം തേടും
ആകാശപ്പാതക്ക് സമീപം കാലിൽ ബസ് കയറിയ യുവതിയെ ആശുപത്രിയിലെത്തിക്കാൻ തയാറാകാതിരുന്ന ആംബുലൻസ് ഡ്രൈവർമാരിൽനിന്ന് വിശദീകരണം തേടാനും നടപടിയെടുക്കാനും തീരുമാനം. കൗൺസിലർമാരാണ് വിഷയം ശ്രദ്ധയിൽപെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് നഗരസഭക്ക് മുന്നിൽ ആകാശപ്പാതക്ക് സമീപം പാമ്പാടി സ്വദേശിനിയുടെ കാലിൽ ബസ് കയറിയിറങ്ങിയത്.
ഉടനെ നഗരസഭയിലെ ആംബുലൻസ് ഡ്രൈവറെ വിളിച്ചെങ്കിലും ഇയാൾ ഊണുകഴിക്കാൻ പോയെന്നാണ് മറുപടി കിട്ടിയത്. മറ്റൊരു ഡ്രൈവറെ വിളിച്ചപ്പോൾ താനല്ല ഡ്യൂട്ടിയിലെന്നും താക്കോൽ കയ്യിലില്ലെന്നും പറഞ്ഞു. പിന്നീട് ഇയാൾ തന്നെ വന്നാണ് ആശുപത്രിയിലെത്തിച്ചത്. അത്രയും നേരം യുവതി റോഡിൽ കിടന്നു. ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കണമെന്ന് കൗൺസിലർമാർ ഒന്നടങ്കം ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജ് പരിസരത്തെയും ആർപ്പൂക്കര പഞ്ചായത്തിലെയും തെരുവുനായ്ക്കളെ കോടിമത എ.ബി.സി സെന്ററിൽ വന്ധ്യംകരിക്കാൻ അനുമതി നൽകണമെന്ന മൃഗസംരക്ഷണവകുപ്പിന്റെ ആവശ്യം തൽക്കാലം പരിഗണിക്കില്ല. നിലവിൽ കോടിമതയിൽ സ്ഥലസൗകര്യങ്ങൾ കുറവാണെന്നും കൗൺസിലർമാർ അഭിപ്രായപ്പെട്ടു. ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.