തിരുനക്കര ഉത്സവം: മുന്നൊരുക്ക യോഗം ചേർന്നു, സുരക്ഷിതമായ നടത്തിപ്പിന് ജാഗ്രതയോടെ പ്രവർത്തിക്കണം -വി.എൻ. വാസവൻ
text_fieldsകോട്ടയം: മാർച്ച് 14 മുതൽ 23വരെ നടക്കുന്ന തിരുനക്കര ശ്രീ മഹാദേവക്ഷേത്തിലെ ഉത്സവത്തിന്റെയും ഉത്സവത്തിന്റെ ഭാഗമായി മാർച്ച് 20ന് നടക്കുന്ന തിരുനക്കര പൂരത്തിന്റെയും മുന്നൊരുക്കം വിലയിരുത്താൻ മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും എല്ലാകാര്യത്തിലും ജാഗ്രതയോടെ നീങ്ങി സുരക്ഷിതമായ ഉത്സവ നടത്തിപ്പിന് വഴിയൊരുക്കണമെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കണം. തഹസിൽദാർ അല്ലെങ്കിൽ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ സാന്നിധ്യം സദാ ഉറപ്പാക്കണം. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പൊലീസും എക്സൈസും സംയുക്ത പരിശോധന നടത്തണമെന്നും ഉത്സവപ്പറമ്പുകളിലെ ലഹരിവിൽപനക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും മന്ത്രി നിർദേശം നൽകി.
പൂരദിവസം സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണം. കുടിവെള്ളത്തിന്റെ സുരക്ഷയും മാലിന്യം കലരുന്നില്ല എന്നുറപ്പാക്കാനും ഭക്ഷ്യസുരക്ഷാ വിഭാഗവുമായി ചേർന്ന് ജല അതോറിറ്റി പരിശോധന നടത്തണമെന്നും മന്ത്രി നിർദേശിച്ചു. ഉത്സവത്തിനെത്തുന്നവർക്ക് തിളപ്പിച്ചാറിയ കുടിവെള്ളത്തിനുള്ള സംവിധാനം സ്വീകരിക്കണം. മാലിന്യം അതതു ദിവസംതന്നെ നീക്കാൻ ശുചിത്വമിഷനുമായി ചേർന്ന് നഗരസഭ നടപടി സ്വീകരിക്കണം. മുഴുവൻ സമയവും വൈദ്യുതി ലഭ്യത ഉറപ്പാക്കണം. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് ഒരു അഗ്നിരക്ഷാവാഹനം സദാ സജ്ജമാക്കി നിർത്തണമെന്നും മന്ത്രി നിർദേശിച്ചു.
ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും ഗതാഗതയോഗ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഉത്സവസമയത്ത് ജലഅതോറിറ്റയുടെ ട്രെഞ്ച് വെട്ടൽ ഒഴിവാക്കും. ഉത്സവനടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളിലും ഹരിതചട്ടം നടപ്പാക്കുമെന്നു തദ്ദേശസ്വയംഭരണ വകുപ്പ് വ്യക്തമാക്കി. ആംബുലൻസ് സേവനം അടക്കമുള്ളവ ഒരുക്കുമെന്നു ജില്ല മെഡിക്കൽ ഓഫിസ് അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ എലിഫെന്റ് സ്ക്വാഡിന്റെ പ്രവർത്തനവും ഉണ്ടാകും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കലക്ടർ വി. വിഘ്നേശ്വരി, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, സബ് കലക്ടർ ഡി. രഞ്ജിത്ത്, അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശാന്ത്രി ടോം, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.സി. ഗണേഷ്, ദേവസ്വം ഡെപ്യൂട്ടി കമീഷണർ ബി. മുരാരി ബാബു, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ കെ. ജോസ് രാജൻ, ആർ.ടി.ഒ കെ. അജിത്കുമാർ, ഡിവൈ.എസ്.പി എം.കെ. മുരളി, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. ഉദയകുമാർ, തഹസിൽദാർ കെ.എസ്. സതീശൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.