പ്ലാസ്റ്റിക് മാലിന്യനീക്കം വിലയിരുത്താൻ; കോട്ടയം നഗരസഭ മറ്റ് ജില്ലകളിലേക്ക്
text_fieldsകോട്ടയം: സംസ്ഥാനത്തെ മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് മാലിന്യനീക്കം വിലയിരുത്താൻ നഗരസഭ. നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് പുതിയ ഏജൻസികളെ ക്ഷണിച്ചിരുന്നു.
പദ്ധതി അവതരണവും നടന്നു. ഇവരുടെ പ്രവർത്തനം വിലയിരുത്താനാണ് നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജോസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ മറ്റ് ജില്ലകളിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സന്ദർശിക്കുന്നത്.
നിലവിൽ ക്ലീൻ കേരള കമ്പനിയാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. മാലിന്യം തരംതിരിച്ച് നൽകിയാലേ ക്ലീൻ കേരള കമ്പനി എടുക്കൂ. പ്ലാസ്റ്റിക് മാലിന്യം ചാക്കിലാക്കി പലയിടങ്ങളിൽ കൂട്ടിവെക്കുന്നതും കൊണ്ടുപോകാൻ വൈകുന്നതും ഏറെ പരാതികൾക്ക് ഇടയാക്കുന്നുണ്ട്. തരംതിരിച്ച് മാലിന്യം നൽകുന്നില്ലെന്നും അതിനാലാണ് എടുക്കാത്തതെന്നുമാണ് ക്ലീൻ കേരള കമ്പനിയുടെ പരാതി. ജില്ലയിലെ മറ്റ് നഗരസഭകൾ കൃത്യമായി തരംതിരിച്ച മാലിന്യം നൽകുന്നുണ്ടെന്നും ഇവർ പറയുന്നു. മാലിന്യം നഗരത്തിൽനിന്ന് നീങ്ങാത്തതിനെ തുടർന്നാണ് നഗരസഭ പുതിയ ടെൻഡർ വിളിച്ചത്. ശുചിത്വമിഷൻ അംഗീകരിച്ച ആലപ്പുഴ, സുൽത്താൻ ബത്തേരി കേന്ദ്രീകരിച്ച രണ്ട് ഏജൻസിയാണ് എത്തിയത്.
ക്ലീൻ കേരള കമ്പനി 12 രൂപക്കാണ് പ്ലാസ്റ്റിക് എടുക്കുന്നത്. എന്നാൽ, ഈ കമ്പനികൾ 6.80 രൂപക്ക് മാലിന്യം എടുക്കും.
ഒരു ഏജൻസി തരംതിരിക്കാതെ എടുക്കാനും തയാറാണ്. ചെരിപ്പ്, തുണി, കുപ്പി, ഇ-മാലിന്യം തുടങ്ങിയവയും സ്വീകരിക്കും. കുന്നംകുളം, പെരുമ്പാവൂർ, സുൽത്താൻബത്തേരി, കാസർകോട് എന്നിവിടങ്ങളിൽ ഈ ഏജൻസികളാണ് മാലിന്യമെടുക്കുന്നത്.
ഇവിടങ്ങളിൽചെന്ന് ജനപ്രതിനിധികളുമായി സംസാരിച്ച് നേട്ടങ്ങളും കോട്ടങ്ങളും മനസ്സിലാക്കിയശേഷം ശേഷം കരാർ വെക്കാനാണ് തീരുമാനമെന്ന് ജോസ് പള്ളിക്കുന്നേൽ പറഞ്ഞു. ഏജൻസികളുടെ പ്രവർത്തനം മികച്ചതെങ്കിൽ പരീക്ഷണാടിസ്ഥാനത്തിൽ രണ്ടു സോണിൽ മൂന്നുമാസത്തേക്ക് നടപ്പാക്കും.
വാർഷിക പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി കർഷകക്ഷേമപ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് തൃശൂർ ജില്ലയിലെ അടാട്ട് ഭക്ഷ്യസംസ്കരണ യൂനിറ്റും സംഘം സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.