മാര്‍ ജോസഫ് പൗവത്തിലിന്റെ സംസ്കാരം ഇന്ന്
text_fieldsചങ്ങനാശ്ശേരി: അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പൗവത്തിലിന്റെ കബറടക്കം ബുധനാഴ്ച. ചൊവ്വാഴ്ച രാവിലെ ഏഴിന് ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാനയും സംസ്കാര ശുശ്രൂഷയുടെ ആദ്യഘട്ടവും പൂർത്തിയായിരുന്നു.
ബുധനാഴ്ച രാവിലെ ഒമ്പതുവരെ മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പൊതുദര്‍ശനം നടക്കും. 9.30ന് സിറോ മലബാർ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ സംസ്കാര ശുശ്രൂഷയുടെ രണ്ടാംഭാഗം നടക്കും. 10ന് കുര്‍ബാനക്കുശേഷം നഗരികാണിക്കലും നടക്കും. തുടർന്ന് കബറടക്കും.
സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ മര്‍ത്തമറിയം കബറിട പള്ളിയില്‍ അതിരൂപതയുടെ പ്രഥമ ആര്‍ച് ബിഷപ് ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ കല്ലറയോട് ചേര്‍ന്നാണ് കബറിടം.
ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി, മാര്‍ ജയിംസ് കാളാശ്ശേരി, മാര്‍ പൗലോസ് അക്വിനാസ് എന്നീ മുന്‍ മെത്രാന്മാരുടെ കബറിടങ്ങളും മര്‍ത്തമറിയം പള്ളിയിലാണ്. 1969ല്‍ മാര്‍ മാത്യു കാവുകാട്ടിന്റെ സംസ്കാരത്തിനുശേഷം 54 വര്‍ഷം കഴിഞ്ഞാണ് ചങ്ങനാശ്ശേരി നഗരമൊരു അതിരൂപത അധ്യക്ഷന്റെ സംസ്കാര കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്.
ചൊവ്വാഴ്ച മൃതദേഹം പൊതുദർശനത്തിനുവെച്ചപ്പോൾ ആദരാഞ്ജലികളര്‍പ്പിക്കാന്‍ പ്രമുഖരും വിശ്വാസ സാഗരവും അണമുറിയാതെയെത്തി. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ചൊവ്വാഴ്ച രാവിലെ അതിരൂപത ഭവനിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാരായ വി.എന്‍. വാസവന്, സജി ചെറിയാന്, റോഷി അഗസ്റ്റിന്, മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്, ജോസ് കെ. മാണി എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍.എമാരായ അഡ്വ. ജോബ് മൈക്കിള്‍, ഗണേഷ്കുമാര്, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, മാണി സി. കാപ്പന്, മുന്‍ മന്ത്രി കെ.സി. ജോസഫ്, സി.പി.എം ജില്ല സെക്രട്ടറി എ.വി. റസല്‍, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, പുതൂര്‍പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പി.എസ്.എം ബഷീര്‍, സെക്രട്ടറി എം.എച്ച്. ഹനീഫ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് തുടങ്ങിയവർ ആദരാഞ്ജലി അര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.