ദുർഗന്ധം കാരണം മൂക്കുപൊത്താതെ വയ്യാ...
text_fieldsതോട്ടിലേക്ക് ശൗചാലയ മാലിന്യം തള്ളുന്നു; 2000 ഏക്കറിൽ കൃഷി പ്രതിസന്ധിയിൽ
വെച്ചൂർ: തോട്ടിലേക്ക് ശൗചാലയ മാലിന്യം തള്ളിയത് കർഷകർക്ക് ദുരിതമാകുന്നു. തോട് മലിനമാക്കിയതിനെ തുടർന്ന് ശുദ്ധജലമെത്തിക്കാൻ കഴിയാതെ 2000 ഏക്കറിലെ നെൽകൃഷി പ്രതിസന്ധിയിലായി. വെച്ചൂർ പഞ്ചായത്തിലെ പൂവത്തുക്കരി, അയ്യനാടൻ പുത്തൻകരി, കോലാംപുറത്തു കരി, കാട്ടുകരി, പൊന്നച്ചംചാൽ, പോട്ടക്കരി തുടങ്ങി പത്തോളം പാടശേഖരങ്ങളിലെ 2000 ഏക്കർ നെൽകൃഷിയാണ് നാശത്തിന്റെ വക്കിലായത്. വെച്ചൂർ-കല്ലറ റോഡിൽ പാടശേഖരങ്ങൾക്ക് സമീപത്തുകൂടി ഒഴുകുന്ന കൊടുതുരുത്ത്-ഞാണുപറമ്പ് തോട്ടിലാണ് മാലിന്യം തള്ളൽ. രാത്രി ടാങ്കറുകളിൽ എത്തിച്ച് മാലിന്യം തള്ളുന്നതായി കർഷകർ പറയുന്നു. രാസവസ്തുക്കൾ കലർത്തി തള്ളുന്ന മാലിന്യം വീണ ഭാഗത്തെ പുല്ലുകൾപോലും കരിഞ്ഞുപോകുകയാണെന്നും ഇവർ പറയുന്നു. കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്ന തോടുകളിലെല്ലാം മാലിന്യം കലർന്നിരിക്കുകയാണ്. തോട്ടിൽ ഇറങ്ങിയ കർഷകർക്കും കർഷക തൊഴിലാളികൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കുമൊക്കെ ശരീരം ചൊറിഞ്ഞു തടിച്ചതിനെ തുടർന്ന് ചികിത്സ തേടേണ്ടിവന്നു. അഞ്ചേക്കറോളം കൃഷിയിറക്കിയ വെച്ചൂർ മൂന്നാം വാർഡ് ഗോപേഷ് നിവാസിൽ ജി. ഗോപാലകൃഷ്ണൻ ത്വഗ്രോഗബാധയെ തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ രണ്ടാഴ്ച മുമ്പ് ചികിത്സ തേടിയിരുന്നു. ഇതിനിടെ, സംഭവത്തിൽ പ്രതികരിച്ചവരുടെ വീട്ടുപരിസരത്ത് സംഘം മാലിന്യം തള്ളി.
പാടശേഖര സമിതിയും പഞ്ചായത്തുമൊക്കെ സ്ഥാപിച്ച സി.സി ടി.വി കാമറകളും തകരാറിലാക്കിയാണ് മാലിന്യം തള്ളുന്നത്. പാടത്ത് ശുദ്ധജലമെത്തിക്കാൻ കഴിയാത്തതിനാൽ വിതച്ച് 20 ദിവസമെത്തിയ നെൽച്ചെടികൾ കരിഞ്ഞു നശിക്കുമെന്ന സ്ഥിതിയിലാണ്. ഏക്കറിന് 20,000 രൂപയോളം കർഷകർ ഇതിനകം മുടക്കി കഴിഞ്ഞു. 10 പാടശേഖരങ്ങളിലുമായി ആയിരത്തോളം കർഷകരാണുള്ളത്.
കർഷകർക്ക് പുറമെ തോടുകളുടെ പരിസരത്തും പാടശേഖരത്തിനു സമീപത്തുമായി താമസിക്കുന്ന നൂറുകണക്കിനു പ്രദേശവാസികളെയും ഇത് പ്രതികൂലമായി ബാധിക്കുകയാണ്. അധികൃതർ മലിനീകരണത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുമെന്ന് പൂവത്തുക്കരി പാടശേഖര സമിതി സെക്രട്ടറി ബി. റെജി, പ്രസിഡന്റ് പ്രദീപ് കുന്നത്താപ്പള്ളി, കർഷകരായ അശോകൻ കാട്ടിളത്ത്, ഫിലിപ്പ്, ജനാർദനൻ നായർ തുടങ്ങിയവർ പറഞ്ഞു.
കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ ശൗചാലയ മാലിന്യം ഒഴുക്കി
കോട്ടയം: ദിവസവും ആയിരക്കണക്കിന് ജനങ്ങൾ വന്നുപോകുന്ന കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്ത് ശൗചാലയ മാലിന്യം ഒഴുക്കി. സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന പൊതുശുചിമുറികളിലെ മാലിന്യമാണ് സ്റ്റാൻഡ് പരിസരത്ത് തന്നെ ഒഴുക്കിയത്. പമ്പിനു സമീപം ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്തേക്കടക്കം മാലിന്യം ഒഴുകിയെത്തി. മാലിന്യം നീക്കാൻ കരാറെടുത്തയാൾ സ്റ്റാൻഡിൽ തന്നെ ഒഴുക്കുകയായിരുന്നുവെന്നാണ് ആരോപണം. അസഹനീയ ദുർഗന്ധം മൂലം പമ്പിന്റെ ഭാഗത്തേക്കുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. സ്റ്റാൻഡിലെത്തുന്ന യാത്രക്കാരും ദുർഗന്ധം കാരണം ദുരിതത്തിലായി. മാലിന്യത്തിൽ ഇരുന്ന കാക്കകൾ നിർത്തിയിട്ട ഇരുചക്രവാഹനങ്ങളിലെ സീറ്റിലടക്കം വന്നിരിക്കുന്നത് ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. വ്യാപകപ്രതിഷേധം ഉയർന്നതോടെ മാലിന്യം മണ്ണിട്ടുമൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.