കക്കൂസ് മാലിന്യം തോട്ടിൽ; നാട്ടുകാർ പ്രക്ഷോഭത്തിന്
text_fieldsവെച്ചൂർ: തോട്ടിൽ പതിവായി കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ കർഷകരും ജനപ്രതിനിധികളും നാട്ടുകാരും സംയുക്തമായി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. വെച്ചൂർ പൂവത്തുക്കരി പാടശേഖര ഓഫിസിൽ വിവിധ പാടശേഖര സമിതികൾ, ജനപ്രതിനിധികൾ, കൃഷി ഓഫിസർ എന്നിവർ ഉൾപ്പെട്ട സംയുക്ത യോഗമാണ് സമരപരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചത്.
പ്രദേശത്ത് സ്ഥാപിച്ച കാമറകളിൽ രാത്രി ഒന്നിനും മൂന്നിനും ഇടയിൽ കക്കൂസ് മാലിന്യം തള്ളുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പഞ്ചായത്ത് അധികൃതർ പൊലീസിന് കൈമാറിയിട്ടും നടപടിയില്ല.
പാടശേഖരങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുന്ന നാട്ടുതോട്ടിൽ നിരന്തരം കക്കൂസ് മാലിന്യം തള്ളി തോടു മലിനമാക്കിയതോടെ നെൽകൃഷിക്ക് ശുദ്ധജലമെത്തിക്കാൻ തൂമ്പ് തുറക്കാൻ കഴിയാത്ത സ്ഥിതിയാണ്.
വെച്ചൂർ പഞ്ചായത്തിലെ പൂവത്തുക്കരി, അയ്യനാടൻ പുത്തൻകരി, കോലാംപുറത്തുകരി, കാട്ടുകരി, പൊന്നച്ചംചാൽ, പോട്ടക്കരി തുടങ്ങി 10ഓളം പാടശേഖരങ്ങളിലെ 2000 ഏക്കർ നെൽകൃഷിയാണ് നാശത്തിന്റെ വക്കിലായത്. വെച്ചൂർ-കല്ലറ റോഡിൽ പാടശേരങ്ങൾക്ക് സമീപത്തായി ഒഴുകുന്ന കൊടുതുരുത്ത്-ഞാണുപറമ്പ് തോട്ടിൽ ഏതാനും വർഷങ്ങളായി ദിനംപ്രതി അഞ്ച് ടാങ്കർ കക്കൂസ് മാലിന്യം തള്ളുന്നുണ്ട്.
കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്ന തോടുകളിൽ മാലിന്യം കലർന്നിരിക്കുകയാണ്. തോട്ടിലിറങ്ങി തൂമ്പു തുറന്നാൽ മാത്രമേ പാടത്ത് വെള്ളമെത്തിക്കാനാകൂ.
തോട്ടിൽ ഇറങ്ങിയ കർഷകർക്കും മറ്റ് തൊഴിലാളികൾക്കും ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടു. 10 പാടശേഖരങ്ങളിലുമായി 1000ത്തോളം കർഷകരാണുള്ളത്. തോടുകളുടെ പരിസരത്തും പാടശേഖരത്തിനു സമീപത്തുമുള്ളവക്കും മാലിന്യം തള്ളൽ ദുരിതമാവുന്നു. തോട്ടിലെ മാലിന്യം വേമ്പനാട്ട് കായലിലേക്കാണ് ഒഴുകിയെത്തുന്നത്.
യോഗം വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. പൂവത്തുക്കരി പാടശേഖര സമിതി പ്രസിഡന്റ് പ്രദീപൻ കുന്നത്താപള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, പഞ്ചായത്ത് അംഗം എൻ. സഞ്ജയൻ, കൃഷി ഓഫിസർ ലിഡ ജേക്കബ്, പൂവത്തുക്കരി പാടശേഖര സമിതി സെക്രട്ടറി ബി. റെജി, പാടശേഖര സമിതി ഭാരവാഹികളായ ബിജു കൂട്ടുങ്കൽ, എസ്.ഡി. ഷാജി, പി.ടി. സലിം, അനിൽരാജ്, മത്തായി മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.
സമരത്തിന്റെ ഏകോപനത്തിനായി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ (രക്ഷാധികാരി), പഞ്ചായത്ത് അംഗം എൻ. സഞ്ജയൻ (ചെയർ), പൂവത്തുക്കരി പാടശേഖര സമിതി സെക്രട്ടറി ബി. റെജി (കൺ) എന്നിവർ ഭാരവാഹികളായി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു.
ഫോട്ടോ: വെച്ചൂർ ഇടയാഴം - കല്ലറ റോഡിനു സമീപത്തെ നാട്ടുതോട്ടിൽ കക്കൂസ് മാലിന്യം തള്ളുന്നതിൽ പ്രതിഷേധിച്ച് വെച്ചൂർ പൂവത്തുക്കരി പാടശേഖര സമിതി ഓഫിസിൽ ചേർന്ന ജനകീയ സമിതി യോഗം വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. ഷൈലകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.