വൃത്തിഹീനമായി ശൗചാലയങ്ങൾ, കോട്ടയം നഗരം ദുർഗന്ധപൂരിതം; എന്തെടുക്കുകയാണ് നഗരസഭ?
text_fieldsകോട്ടയം: വൃത്തിയില്ല, വെള്ളമില്ല, ദുർഗന്ധവും, സമീപത്തുകൂടെയെങ്കിലും പോകണമെങ്കിൽ മൂക്ക് പൊത്തണം... പൊലീസ് പരേഡ് ഗ്രൗണ്ടിനു സമീപത്തെ കോടതി ഗേറ്റിന് അരികിലുള്ള ശൗചാലയം ഉൾപ്പെടെ കോട്ടയം നഗരത്തിലെ ശൗചാലയങ്ങളുടെ അവസ്ഥയാണിത്.
ദിനംപ്രതി ഒന്നരലക്ഷത്തോളം ആളുകൾ വന്നുപോകുന്ന നഗരത്തിൽ ഒന്ന് ശങ്ക തീർക്കണമെങ്കിൽ വ്യാപാര സ്ഥാപനങ്ങളോ ഹോട്ടലുകളോ ആശ്രയിക്കേണ്ട ഗതികേടാണ് ജനത്തിന്. പുരുഷന്മാരുടെ ശൗചാലയത്തിനു സമീപം കാടും പടർപ്പും വളർന്ന് ഇഴജന്തുക്കൾ കയറാൻ പാകത്തിലാണ് നിലവിലെ സാഹചര്യം. അകത്തുകയറിയാൽ രൂക്ഷദുർഗന്ധവും.
വെള്ളത്തിന് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിലും അമിതമായി പാഴാക്കുന്നു. വാതിലുകൾ തകർന്നിട്ടുണ്ട്, തറ വൃത്തിഹീനവുമാണ്. വിവിധ ആവശ്യങ്ങളുമായി കോടതിയിലും ജില്ല ട്രഷറിയിലും മറ്റും വരുന്ന ആളുകൾ ദുർഗന്ധവും അസൗകര്യവും സഹിച്ചും ഈ ശൗചാലയങ്ങളെ ആശ്രയിക്കുന്നു. 12 ശൗചാലയങ്ങൾ നഗരമധ്യത്തിൽ വിവിധ ഇടങ്ങളിൽ ഉണ്ടെങ്കിലും രണ്ടെണ്ണത്തിന് മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുന്നവ. കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങിയ ടേക് എ ബ്രേക്കും ഷീ ടോയ്ലറ്റുകളും ഉപയോഗശൂന്യമായി. പല സ്ഥലത്തെ ശൗചാലയങ്ങളുടെ ഇടം സാമൂഹിക വിരുദ്ധർ കൈയേറിയിട്ടുമുണ്ട്. തിരുനക്കര എസ്.ബി.ഐ ശാഖയിൽ നഗരസഭ ഇ-ടോയ്ലറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ, ഒരുദിവസം പോലും ശരിയായി പ്രവർത്തിച്ചിട്ടില്ല. രണ്ട് രൂപ നാണയം ഇട്ട് പ്രവർത്തിക്കുന്ന വിധമായിരുന്നു സംവിധാനം. ദിവസങ്ങൾക്കുള്ളിൽ ഇത് പൂട്ടി. പിന്നീട് ഇവിടെ തന്നെ തുടങ്ങിയ ഷീ-ടോയ്ലറ്റും ഇപ്പോൾ കയറാൻ പറ്റാത്ത അവസ്ഥയിലാണ്. പൊതുസ്ഥലങ്ങളിൽ ശുചിമുറികളില്ലാത്തിനാൽ വ്യാപാര സ്ഥാപനങ്ങളിലും കെട്ടിടങ്ങൾക്ക് പിന്നിലും റോഡരികിലും ശങ്കതീർക്കേണ്ട ഗതികേടാണ്. മഴക്കാലം എത്തുന്ന സാഹചര്യത്തിൽ ശൗചാലയങ്ങൾ കൃത്യമായ ഇടപെടലിലൂടെ ശുചീകരിക്കുകയും അടച്ചിട്ടിരിക്കുന്നവ തുറന്നുകൊടുക്കുന്നവയും ചെയ്താൽ പകർച്ചവ്യാധിയുടെ വ്യാപനത്തെ ഒരുപരിധിവരെ കുറക്കാം.
എന്നാൽ, ജനങ്ങൾ അസൗകര്യത്തെ ശീലമാക്കി മാറ്റുന്നതല്ലാതെ ബന്ധപ്പെട്ട വകുപ്പുകൾ സത്വരമായി നടപടികൾ സ്വീകരിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.