യാത്രക്ലേശം രൂക്ഷം; വേണം കോട്ടയത്തുനിന്ന് തുടങ്ങുന്ന ട്രെയിനുകൾ
text_fieldsകോട്ടയം: രാജ്യത്തിന്റെ തെക്കേ അറ്റത്തുനിന്ന് തുടങ്ങുന്ന കുറെ ട്രെയിനുകൾ കോട്ടയംവഴി ഓടിച്ചതുകൊണ്ട് യാത്രക്ലേശം പരിഹരിക്കാനാവില്ലെന്ന് യാത്രക്കാർ. വേണ്ടത് കോട്ടയത്തുനിന്ന് തുടങ്ങുന്ന ട്രെയിനുകളാണ്.
കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഭൂരിഭാഗം ട്രെയിനുകളുടെയും ആരംഭം തമിഴ്നാട്ടിലെ സ്റ്റേഷനുകളിൽനിന്നാണ്.
അവിടെ നിന്നോ സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തുള്ള തലസ്ഥാന നഗരിയിൽനിന്നോ പുറപ്പെട്ട് വളരെ തിരക്കുള്ള സ്റ്റേഷനുകൾ കടന്ന് കോട്ടയത്ത് എത്തുമ്പോഴേക്കും ട്രെയിനിൽ കയറാൻ ഇടമില്ലാത്ത വിധം തിങ്ങി നിറഞ്ഞതായിരിക്കും. രാവിലെ 9.40ന് പുറപ്പെടുന്ന ശബരി എക്സ്പ്രസിനുശേഷം തൃശൂർ ഭാഗത്തേക്കുള്ള അടുത്ത പ്രതിദിന ട്രെയിൻ ഉച്ചക്ക് രണ്ടിനുള്ള കന്യാകുമാരി-പുണെ ജയന്തി ജനത എക്സ്പ്രസാണ്. ഈ ട്രെയിനിലെ ആകെയുള്ള രണ്ട് ജനറൽ കോച്ചുകളുടെ ഫുട്ബോർഡിൽപോലും കാലുകുത്താൻ നിവൃത്തിയില്ലാത്ത വിധം തിരക്കായിരിക്കും. കോച്ചിനുള്ളിലാകട്ടെ ശ്വാസം വിടാൻപോലും ബുദ്ധിമുട്ടും വിധം ഞെങ്ങിഞെരുങ്ങുകയാണ് യാത്രക്കാർ. സ്ത്രീകൾ ഉൾപ്പെടെ പലരും ഇടനാഴിയിലും ടോയ്ലറ്റ് മുറികളിൽ പോലുമാണ് ഇടം കണ്ടെത്തുന്നത്.
പിന്നീട് എത്തുന്നത് ന്യൂഡൽഹി, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദീർഘദൂര ട്രെയിനുകളാണ്. ഇവയിലെ തിരക്കിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മണിക്കൂറുകളോളം കാത്തിരുന്ന ശേഷം എത്തുന്ന ട്രെയിനിലെ തിരക്കുമൂലം കയറാൻ സാധിക്കാതെ യാത്ര ഉപേക്ഷിക്കേണ്ടി വരുന്നത് കോട്ടയത്തെ സാധാരണ സംഭവമാണ്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ഈ മേഖലയിൽനിന്ന് കർണാടകയിലെ മെഡിക്കൽ-എൻജിനീയറിങ്-ഐ.ടി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള നൂറുകണക്കിനു വിദ്യാർഥികളും മറ്റു പ്രഫഷനലുകളും യാത്രക്കായി കോട്ടയത്തെയാണ് ആശ്രയിക്കുന്നത്. ബിസിനസ്, തൊഴിൽ ആവശ്യങ്ങൾക്കായി നിരവധി പേരും. സാധാരണക്കാരായ ബംഗളൂരു യാത്രക്കാർക്കായി കോട്ടയത്തുനിന്നുള്ള ഏകപ്രതിദിന ട്രെയിൻ കന്യാകുമാരി-ബംഗളൂരു ഐലൻഡ് എക്സ്പ്രസ് മാത്രമാണ്. ഇതിൽ റിസർവേഷൻ ലഭിക്കുന്നത് അപൂർവം ചിലർക്കു മാത്രം.
തിരക്കുകാരണം ജനറൽ കോച്ചിൽ കയറാനും നിവൃത്തിയില്ല. പിന്നീടുള്ള മാർഗം ട്രെയിൻ യാത്ര ഉപേക്ഷിച്ച് കൂടുതൽ പണം മുടക്കിയുള്ള ബസ് യാത്രയോ അതല്ലെങ്കിൽ അടുത്ത ദിവസം രാവിലെ 60 കിലോമീറ്റർ അകലെയുള്ള എറണാകുളത്തുനിന്ന് പുറപ്പെടുന്ന ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര തരപ്പെടുത്തുകയോ ചെയ്യണം.
ഏറ്റവും തിരക്കുള്ള കോട്ടയം-ബംഗളൂരു റൂട്ടിൽ പുതിയൊരു എക്സ്പ്രസ് അനുവദിച്ചാൽ വളരെ ലാഭകരമായി സർവിസ് നടത്താനാകും. യാത്രക്കാർക്കും റെയിൽവേക്കും ഒരേപോലെ പ്രയോജനപ്പെടുന്ന വർഷങ്ങളായുള്ള ഈ നിർദേശം റെയിൽവേയുടെ അവഗണന മൂലം പരിഗണിക്കപ്പെടുന്നില്ല.
ബംഗളൂരു-എറണാകുളം ഇന്റർ സിറ്റി എക്സ്പ്രസ് കോട്ടയത്തേക്ക് നീട്ടണമെന്ന ആവശ്യവും റെയിൽവേ അവഗണിക്കുകയാണ്.
ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്നവർക്ക് ന്യായമായ സൗകര്യം ലഭിക്കേണ്ടത് കോട്ടയത്തുകാരുടെ ആവശ്യവും അവകാശവുമാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.