ലിംഗമാറ്റ ശസ്ത്രക്രിയ: മെഡിക്കൽ കോളജിലെ ട്രാൻസ്ജെൻഡർ ക്ലിനിക് റിപ്പോർട്ട് നൽകിയത് മൂന്നുതവണ
text_fieldsകോട്ടയം: ലിംഗമാറ്റ ശസ്ത്രക്രിയക്ക് (സെക്സ് റീഅസൈന്മെൻറ് സര്‍ജറി) സംവിധാനങ്ങളൊരുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളജിലെ ട്രാൻസ്ജെൻഡർ ക്ലിനിക് സർക്കാറിന് റിപ്പോർട്ട് നൽകിയത് മൂന്നുതവണ. ക്ലിനിക് തുടങ്ങി ഒന്നര വർഷം പിന്നിട്ടപ്പോഴാണ് ആദ്യ റിപ്പോർട്ട് നൽകിയത്.
എന്നാൽ, ഇതുവരെ ആ റിപ്പോർട്ടിനോട് പ്രതികരിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല അധികൃതർ. കേരളത്തിൽ ആദ്യ ട്രാൻസ്ജെൻഡർ ക്ലിനിക് ആരംഭിച്ചത് 2017ൽ കോട്ടയം മെഡി. കോളജിലാണ്.
കേരളത്തിന് പുറത്ത് ലിംഗമാറ്റ ശസ്ത്രക്രിയകളിൽ വലിയ ചൂഷണം നടക്കുന്നതിനാല്‍ മെഡിക്കല്‍ കോളജുകളെ ഇത്തരം സര്‍ജറി നടത്തുന്നതിന് സജ്ജമാക്കുമെന്നും ആദ്യപടിയായാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക് തുടങ്ങിയതെന്നുമാണ് അന്ന് വകുപ്പുമന്ത്രി പറഞ്ഞത്. എന്നാൽ, തുടങ്ങിയയിടത്തുതന്നെ നിൽക്കുകയാണ് ക്ലിനിക് ഇപ്പോഴും. ഏറെ സങ്കീർണമായ ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി നടക്കുന്നത് തെക്കുകിഴക്കൻ രാജ്യങ്ങളിലാണെന്ന് കോട്ടയത്തെ ക്ലിനിക്കിെൻറ നോഡൽ ഓഫിസറായ ഡോ. സു ആൻ സക്കറിയ പറയുന്നു.
സർക്കാർ മേഖലയിൽ സർജറികൾ നടത്തണമെങ്കിൽ അത്തരം രാജ്യങ്ങളിൽ പോയി പരിശീലനം നേടണം. അല്ലെങ്കിൽ അവിടെനിന്ന് വിദഗ്ധരെ ഇങ്ങോട്ട് കൊണ്ടുവരണം. ഇതുസംബന്ധിച്ച വിവരങ്ങളും ശസ്ത്രക്രിയക്കുവേണ്ട ഉപകരണങ്ങൾ, ചെലവ് എന്നിവ വിശദീകരിച്ചുമാണ് മൂന്നുതവണയും റിപ്പോർട്ട് നൽകിയത്. ഇ
തിനിടയിൽ കോയമ്പത്തൂരിൽനിന്നുള്ളയാൾക്ക് വിജയകരമായി വജൈനോപ്ലാസ്റ്റിയും ചെയ്തു. പിന്നീട് കോവിഡ് വന്നതോടെ ക്ലിനിക്കിെൻറ പ്രവർത്തനം താൽക്കാലികമായി നിലച്ചു. ഇത്തരം സർജറികൾ നടത്തുന്നതിൽ നിയമ പ്രശ്നങ്ങൾ ഏറെയുണ്ടെന്നും രോഗിയെ പൂർണമായി ബോധ്യപ്പെടുത്തി മാനസികമായ തയാറെടുപ്പോടെ മാത്രമേ ചെയ്യാനാവൂ എന്നും ഡോ. സു ആൻ സക്കറിയ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ കോട്ടയം മെഡിക്കൽ േകാളജിനുപുറമെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ മാത്രമാണ് ട്രാൻസ്ജെൻഡർ ക്ലിനിക് പ്രവർത്തിക്കുന്നത്.
ട്രാൻസ്ജെൻഡർ നയം നടപ്പാക്കിയ ആദ്യ സംസ്ഥാനമായിട്ടും കേരളത്തിൽ സർക്കാർ മേഖലയിൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് സൗകര്യം ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടിലാണ് ട്രാൻസ്ജെൻഡർ സമൂഹം.
ശസ്ത്രക്രിയക്ക് സർക്കാർ റീ ഇംബേഴ്സ്മെൻറ് നൽകുന്നുണ്ട്. ട്രാൻസ് സ്ത്രീക്ക് 2.5 ലക്ഷം രൂപയും ട്രാൻസ് പുരുഷന് അഞ്ചുലക്ഷം രൂപയും. എന്നാൽ, ആശുപത്രി ബിൽ നൽകിയാൽ മാത്രമേ തുക റീഫണ്ട് ചെയ്യൂ. ഇതിൽ കാലതാമസം വരാറുമുണ്ട്. ഇതുമൂലം സ്വന്തം നിലക്ക് ലക്ഷങ്ങൾ കണ്ടെത്തേണ്ട ബാധ്യതയാണിവർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.