കുഴൽക്കിണറുകൾ ഇനി വെള്ളം തരും: 36 കൈപമ്പുകൾ വാങ്ങാൻ ഭൂജലവകുപ്പ് ഡയറക്ടറേറ്റ് അനുമതി
text_fieldsകോട്ടയം: കൈപമ്പുകൾ സ്ഥാപിക്കാത്തതിനെത്തുടർന്ന് നോക്കുകുത്തിയായ കുഴൽക്കിണറുകൾക്ക് ശാപമോക്ഷമാകുന്നു. ഇതിന് 36 കൈപമ്പുകൾ വാങ്ങാൻ ഭൂജലവകുപ്പ് ഡയറക്ടറേറ്റ് അനുമതി നൽകി.
രണ്ടുവർഷമായി ഭൂജല വകുപ്പ് കുഴിച്ച നിരവധി കുഴൽക്കിണറുകളാണ് ജില്ലയിൽ കൈ പമ്പുകൾ ലഭിക്കാത്തതിനെത്തുടർന്ന് നിശ്ചലമായത്. വേനൽ രൂക്ഷമായിട്ടും ഇവ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധവും ശക്തമായിരുന്നു. തദ്ദേശസ്ഥാപനങ്ങളും ഭൂജല വകുപ്പിനെതിരെ രംഗത്തെത്തി. ഇതിനിടെയാണ് കൈപമ്പുകൾ വാങ്ങാൻ ഭൂജലവകുപ്പ് ഡയറക്ടറേറ്റ് തീരുമാനിച്ചത്. ഇതിനുള്ള അനുമതി ജില്ല അധികൃതർക്ക് ലഭിച്ചു.
ജലക്ഷാമം പരിഹരിക്കുന്നതിന് ത്രിതല പഞ്ചായത്തുകൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുഴൽക്കിണറുകൾ നിർമിച്ചത്. ഭൂജലവകുപ്പിനായിരുന്നു നിർമാണച്ചുമതല. ഇതിനുള്ള ഫണ്ട് ജില്ല പഞ്ചായത്ത്, വിവിധ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് വിഹിതത്തിൽനിന്നാണ് നൽകിയത്. മൊത്തം 85 കുഴക്കിണറുകളാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇത്തരത്തിൽ നിർമിച്ചത്. ജില്ലയുടെ കിഴക്കൻപ്രദേശങ്ങളിലും മലയോര മേഖലയിലുമാണ് കൂടുതലും. എന്നാൽ, ഇതിെൻറ നിർമാണം പൂർത്തിയായിട്ടും കൈപമ്പുകൾ ഇല്ലാത്തതിനാൽ ജനങ്ങൾക്ക് പമ്പ് ചെയ്ത് വെള്ളം ശേഖരിക്കാനാവാത്ത സ്ഥിതിയായിരുന്നു. തദ്ദേശസ്ഥാപനങ്ങൾ കൈപമ്പിനായുള്ള പണം ഭൂജലവകുപ്പിന് കൈമാറുകയും ചെയ്തിരുന്നു.
ഇതോടെ നാട്ടുകാരും ജനപ്രതിനിധികളും ഭൂജലവകുപ്പ് ജില്ല അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഡയറക്ടറേറ്റിൽനിന്ന് ലഭിച്ചില്ലെന്ന മറുപടിയാണ് ഇവർ നൽകിയത്.
ഭൂജലവകുപ്പ് ഡയറക്ടറേറ്റിൽനിന്നും കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് ഹാൻഡ് പമ്പുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ വാങ്ങുന്നതിനാൽ അവിടെ ലഭിക്കാതെ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലായിരുന്നു ജില്ലയിലെ ഉദ്യോഗസ്ഥർ. 2020 മുതൽ വകുപ്പ് ഹാൻഡ് പൈപ്പുകൾ വാങ്ങിയിട്ടില്ല. ഇതിനിടെ പ്രതിഷേധം കനത്തതോടെ നിലവിലെ അവസ്ഥ വിവരിച്ച് ഭൂജലവകുപ്പ് ജില്ല ഓഫിസർ ഡയറക്ടറേറ്റിന് കത്ത് നൽകി.
ജില്ല ഓഫിസർക്ക് സാമഗ്രികൾ വാങ്ങാൻ മൂന്നുലക്ഷം മാത്രമേ ചെലവഴിക്കാൻ കഴിയൂവെന്നും നിലവിലെ നിരക്കിൽ ആറെണ്ണം മാത്രമേ വാങ്ങാൻ കഴിയൂവെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ കോട്ടയം ജില്ലക്ക് അടിയന്തരമായി ആവശ്യമായ 36 കൈപമ്പുകൾ വാങ്ങാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
തദ്ദേശസ്ഥാപനങ്ങൾ നിക്ഷേപിച്ച തുക ഇതിനായി ചെലവഴിക്കാൻ അനുമതിയും തേടി. ഇത് പരിഗണിച്ചാണ് കഴിഞ്ഞദിവസം ഡയറക്ടറേറ്റ് പമ്പുകൾ വാങ്ങാൻ ജില്ല ഓഫിസർക്ക് അനുമതി നൽകിയിരിക്കുന്നത്.
നിശ്ചിത എണ്ണമുണ്ടെങ്കിലേ കേന്ദ്രീകൃത സംവിധാനത്തിലൂടെ വാങ്ങാൻ കഴിയൂവെന്നും നിലവിൽ കോട്ടയം ഒഴികെ മറ്റ് ജില്ലകളിൽനിന്നൊന്നും പമ്പ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും വിശദീകരിക്കുന്നു. മാർച്ച് മൂന്നാംവാരത്തോടെ പമ്പുകൾ സ്ഥാപിക്കുമെന്നും വ്യക്തമാക്കി. അടുത്ത ഘട്ടമായി അവശേഷിക്കുന്നവക്കും പമ്പുകൾ ലഭ്യമാക്കും. ഒരു സെറ്റിന് എല്ലാ നികുതികളും ഉൾപ്പെടെ 42,500 രൂപയാണ് വില കണക്കാക്കുന്നത്. ഇ-ടെൻഡർ നടപടി പൂർത്തിയാക്കി ഏറ്റവും വേഗം പമ്പുകൾ സ്ഥാപിക്കുമെന്ന് ജില്ല അധികൃതരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.