ഒരുവർഷത്തിനിടെ 20ലധികം അപകടങ്ങൾ; മേലുകാവ്-മുട്ടം തുരങ്കപാത നിർമ്മിക്കണമെന്ന് ആവശ്യം
text_fieldsഈരാറ്റുപേട്ട: മേലുകാവിൽ നിന്ന് മുട്ടത്തേക്ക് കുതിരാൻ മാതൃകയിൽ തുരങ്കപാത നിർമ്മിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മേലുകാവ്, കാഞ്ഞിരം കവല, മുട്ടം പ്രദേശത്ത് മാത്രമായി ഇരുപതിലധികം വാഹനാപകടങ്ങളാണ് ഉണ്ടായത്. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കാലത്തിന് അനുസരിച്ച് നവീകരിച്ച റോഡിൽ ഭാരവാഹനങ്ങൾക്ക് അപകട വളവുകളിൽ വേഗത നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് തുരങ്കം നിർമ്മിക്കുകയല്ലാതെ മറ്റു മാർഗമില്ല. കഴിഞ്ഞദിവസവും പാണ്ഡ്യൻമാവ് വളവിൽ അപകടം ഉണ്ടാവുകയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. തുരങ്കപാത യാഥാർഥ്യമാകുന്നതോടെ കിഴക്കൻ മലയോര മേഖലയിലെ മേലുകാവ്, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി നഗരങ്ങളുടെ വികസനം കൂടി യാഥാർഥ്യമാകുമെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.
മലബാർ മേഖലയിൽ നിന്നും എത്തുന്ന ശബരിമല തീർഥാടകർക്കും ഈ പാത വളരെയേറെ ഗുണം ചെയ്യും. അതോടൊപ്പം തന്നെ കേന്ദ്ര സ്പൈസസ് ബോർഡിന്റെ നേതൃത്വത്തിൽ തുടങ്ങനാട് സ്ഥാപിക്കുന്ന സ്പൈസസ് പാർക്ക് കൂടി വരുന്നതോടെ സുഗന്ധവ്യഞ്ജനങ്ങളുടെ ചരക്കുനീക്കത്തിനും തുരങ്കപാത ഉപകരിക്കും. ഈ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകിയതായും ഷോൺ ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.