രണ്ടുലക്ഷം ദേശീയപതാക ഉയരെപ്പറക്കും കുടുംബശ്രീ വഴി
text_fieldsകോട്ടയം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി 13 മുതൽ 15 വരെ പൊതുസ്ഥലങ്ങളിലും വീടുകളിലും ഓഫിസുകളിലും ദേശീയപതാക ഉയർത്താൻ കുടുംബശ്രീ ജില്ലയിൽ രണ്ടുലക്ഷം പതാക തയാറാക്കും.
കുടുംബശ്രീ വഴി തയാറാക്കുന്ന ദേശീയപതാക ജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിലെ ഒന്നരലക്ഷത്തോളം വിദ്യാർഥികൾക്ക് സ്കൂളുകൾ വഴിയും വിദ്യാർഥികളില്ലാത്ത വീടുകളിൽ കുടുംബശ്രീ അംഗങ്ങൾ വഴിയും എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടറായ ബിനു ജോൺ പറഞ്ഞു. ജില്ലയിൽ 30X20 ഇഞ്ച് അളവിലുള്ള പതാകയാണ് വിതരണം ചെയ്യുക. 30 രൂപയാണ് വില.
ജില്ലയിലെ 71 പഞ്ചായത്തിലും ആറു നഗരസഭയിലും കുടുംബശ്രീ വഴി ദേശീയപതാക എത്തിക്കും. വിദ്യാർഥികളുടെ കൃത്യഎണ്ണം ലഭ്യമാക്കാൻ സ്കൂൾ അധികൃതർക്കും വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന 32 തയ്യൽ യൂനിറ്റുകളാണ് പതാക നിർമിച്ച് വിതരണം ചെയ്യുക.
കുടുംബശ്രീ ജില്ല മിഷന്റെ കീഴിലുള്ള കിടങ്ങൂർ അപ്പാരൽ പാർക്ക് കോമൺ ഫെസിലിറ്റി സെന്റർ മുഖേന തയ്യൽ യൂനിറ്റുകൾക്കുള്ള വസ്തുക്കൾ വാങ്ങി നൽകിയാണ് പതാക നിർമിക്കുന്നത്. ജില്ലയിലെ 11 ബ്ലോക്കുകളിലായി വിവിധ യൂനിറ്റുകൾ തയ്ക്കുന്ന പതാക കുടുംബശ്രീ ജില്ല മിഷൻ മുഖേന തദ്ദേശ സ്ഥാപനങ്ങൾ, സ്കൂളുകൾ, ഓഫിസുകൾ എന്നിവിടങ്ങളിലെത്തിക്കും. ദേശീയപതാക ആവശ്യമുള്ള സ്ഥാപനങ്ങളുടെയും വീടുകളുടെയും പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ ജോയന്റ് ഡയറക്ടർ മുഖേന കുടുംബശ്രീ ജില്ല മിഷനിൽ അറിയിക്കും. ഇതനുസരിച്ച് പതാക എത്തിക്കും.
കലക്ടറേറ്റിൽ ചേർന്ന ജില്ലതല യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കലക്ടർ ഡോ. പി.കെ. ജയശ്രീ, ആർ.ഡി.ഡി.എം സന്തോഷ്കുമാർ, തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടറായ ബിനു ജോൺ, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, എ.ഡി.സി ജനറൽ ജി. അനീസ്, കുടുംബശ്രീ ഡി.പി.എം പ്രശാന്ത് ശിവൻ, വിദ്യാഭ്യാസ വകുപ്പ് ജൂനിയർ സൂപ്രണ്ട് ചിത്ര മഹാദേവൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.