വള കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsരാമപുരം: വീട്ടിൽ ഉറങ്ങുകയായിരുന്ന മധ്യവയസ്കയുടെ വള വയർ കട്ടർ ഉപയോഗിച്ച് മുറിച്ച് കവർന്ന കേസിൽ അന്തർസംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശികളായ സന്തോഷ് (25), വേലൻ (32) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സംഘം ചേർന്ന് ഏപ്രിൽ 28 ന് വെളുപ്പിന് നാലിന് വെളിയന്നൂർ പുതുവേലി ചോരക്കുഴി ഭാഗത്താണ് കവർച്ച നടത്തിയത്. വർക്ക് ഏരിയയുടെ ഗ്രില്ലിന്റെ താഴ് തകർത്ത് ഉള്ളില്‍ കടന്ന് അടുക്കള വാതിൽ തിക്കി തുറന്നാണ് അകത്തുകയറിയത്. കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയുടെ കൈയ്യിൽ ധരിച്ചിരുന്ന 14 ഗ്രാം തൂക്കം വരുന്ന 70,000 രൂപ വിലവരുന്ന വളകൾ വയർ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ പരിശോധനയിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞതും തമിഴ്നാട്ടിൽ നിന്ന് പിടികൂടിയതും. സന്തോഷ് തമിഴ്നാട്ടിൽ വിവിധ സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെ 60 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
എസ്.എച്ച്.ഒ ഉണ്ണികൃഷ്ണൻ, എസ്.ഐ മാരായ മനോജ്, വിൽസൺ, ജോബി ജേക്കബ്, സി.പി.ഒ മാരായ രഞ്ജിത്ത്, ജോഷി, ജോബി, ശ്യാം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.