കോട്ടയത്ത് യു.ഡി.എഫ് ജില്ല നേതൃയോഗം എട്ടിന്
text_fieldsകോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായ ചർച്ചകൾക്കും ഒരുക്കത്തിനും വേണ്ടി യു.ഡി.എഫ് ജില്ല നേതൃയോഗം എട്ടിന് വൈകീട്ട് മൂന്നിന് കോട്ടയത്ത് നടത്താൻ തീരുമാനിച്ചതായി യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, ജില്ല കൺവീനർ അഡ്വ. ജോസി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗങ്ങൾ അഞ്ചിന് ഉച്ചകഴിഞ്ഞ് വൈക്കത്തും വൈകീട്ട് അഞ്ചിന് കടുത്തുരുത്തിയിലും ചേരും. ആറിന് ഏറ്റുമാനൂർ, വൈകീട്ട് അഞ്ചിന് പാലാ, ഏഴിന് രാവിലെ 11ന് ചങ്ങനാശ്ശേരി, വൈകീട്ട് മൂന്നിന് കാഞ്ഞിരപ്പള്ളി, അഞ്ചിന് പൂഞ്ഞാർ, എട്ടിന് വൈകീട്ട് അഞ്ചിന് പുതുപ്പള്ളി, ഒമ്പതിന് കോട്ടയം എന്നിവിടങ്ങളിലും നടക്കും.
ജില്ല-ബ്ലോക്ക് പഞ്ചായത്ത് സീറ്റ് ധാരണ ജില്ലതല ചർച്ചകളിലൂടെ പൂർത്തീകരിക്കും. നഗരസഭ-ഗ്രാമപഞ്ചായത്ത് തലങ്ങളിൽ പ്രാദേശികതലത്തിൽ നടത്തും. ജയസാധ്യതക്കാണ് മുൻതൂക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഓരോ കക്ഷിയും മത്സരിച്ച സീറ്റുകളിലെ പ്രഥമ അവകാശം അതത് പാർട്ടികൾക്കുതന്നെ ആയിരിക്കും. ഓരോ കക്ഷിയും മത്സരിച്ച സീറ്റുകളിലും പ്രഥമ പരിഗണന അതത് പാർട്ടികൾക്കും ഉണ്ടായിരിക്കുമെന്നാണ് യു.ഡി.എഫ് സംസ്ഥാനതലത്തിൽ ഉണ്ടാക്കിയ ധാരണയെന്ന് ജില്ല ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി. ജയസാധ്യതയും പാർട്ടി പരിഗണനയും മനസ്സിലാക്കി ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാക്കും. പ്രാദേശിക തലങ്ങളിലും ഇത്തരമൊരു നിർദേശമാണ് എല്ലാ ഘടകകക്ഷികളും കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്നത്.
ജില്ലയിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി മത്സരിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്താൻ യു.ഡി.എഫ് സംസ്ഥാന നേതൃത്വം സഹകരണം നൽകുമെന്ന് ജില്ല കൺവീനർ ജോസി സെബാസ്റ്റ്യൻ വ്യക്തമാക്കി. ഇതിെൻറ ഭാഗമായാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.ജെ. ജോസഫ്, യു.ഡി.എഫ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, മോൻസ് ജോസഫ്, ജോയി എബ്രഹാം, ജോസഫ് വാഴക്കൻ, ജോയി ഫിലിപ് എന്നിവരുടെ സാന്നിധ്യത്തിൽ ആദ്യറൗണ്ട് ഉഭയകക്ഷി ചർച്ച നടന്നത്. ജില്ലയിൽ യു.ഡി.എഫിലെ ഓരോ കക്ഷിയും മത്സരിക്കാൻ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ സീറ്റുകളുടെ വിശദാംശങ്ങൾ ഓരോ പാർട്ടി ഘടകങ്ങളും പ്രത്യേകം തയാറാക്കി എട്ടിന് ജില്ല യു.ഡി.എഫ് യോഗത്തിന് മുമ്പ് എത്തിക്കണമെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.