മധ്യകേരളത്തിൽ നഷ്ടപ്പെട്ട വോട്ട് ബാങ്ക് തിരിച്ചുപിടിക്കാൻ യു.ഡി.എഫ്
text_fieldsകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനും നഷ്ടപ്പെട്ട വോട്ട് ബാങ്ക് നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് തിരിച്ചുപിടിക്കാനും മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രത്യേക സമിതി രൂപവത്കരിക്കും. സംസ്ഥാന തലത്തിലാണ് സമിതിയെങ്കിലും കൂടുതൽ ശ്രദ്ധയൂന്നുക മധ്യകേരളത്തിലായിരിക്കും.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളാണ് ലക്ഷ്യം. ഇവിടങ്ങളിൽ തിരിച്ചടി നേരിട്ടപ്പോഴെല്ലാം യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടിട്ടുണ്ട്. ആ തിരിച്ചറിവും കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണിവിട്ടതും യു.ഡി.എഫിെൻറ അടിത്തറയായി വിശേഷിപ്പിക്കുന്ന ക്രൈസ്തവ സഭകളുടെ അകൽച്ചയും തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാകും സമിതിയെങ്കിലും സഭകളുമായി അടുത്തബന്ധം പുലർത്തുന്നവരും ഇതിലുണ്ടാകും. സമിതി രൂപവത്കരണത്തിന് കോൺഗ്രസ് ഹൈകമാൻഡും പച്ചക്കൊടി വീശി. ജോസ്പക്ഷം മുന്നണിവിട്ടത് യു.ഡി.എഫിന് തിരിച്ചടിയായിെല്ലന്ന വിലയിരുത്തലിനോട് മധ്യകേരളത്തിലെ ബഹുഭൂരിപക്ഷം കോൺഗ്രസ് നേതാക്കൾക്കും യോജിപ്പില്ല. യു.ഡി.എഫ് ഘടകകക്ഷികളും ഇതേ നിലപാടിലാണ്. സഭകളുടെ പിണക്കം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകുന്നിെല്ലങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ദയനീയ പരാജയം യു.ഡി.എഫ് ഏറ്റുവാങ്ങേണ്ടിവരുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്.
മൂന്ന് ജില്ലകളിലെ ഡി.സി.സികൾക്കെതിരെ രൂക്ഷവിമർശനവും ഉയരുന്നുണ്ട്. ജോസ് പക്ഷം പോയത് തിരിച്ചടിയാകില്ലെന്നായിരുന്നു ഇവരുടെ റിപ്പോർട്ട്. എന്നാൽ, കോട്ടയത്ത് കനത്ത തിരിച്ചടി നേരിട്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇവിടെ ഒരു നിയമസഭ മണ്ഡലത്തിൽപോലും യു.ഡി.എഫ് മുന്നിലെത്തിയില്ല. ക്രൈസ്തവസഭകൾ യു.ഡി.എഫിൽനിന്ന് അകലാനുണ്ടായ സാമൂഹിക-രാഷ്ട്രീയ സാഹചര്യം എന്താണോ അതിനൊക്കെ അടിയന്തര പരിഹാരം സമിതി കാണും. വിവിധ സഭ നേതാക്കളുമായി വൈകാതെ കൂടിക്കാഴ്ച നടത്തും.
പള്ളി പ്രശ്നത്തിൽ ഓർത്തഡോക്സ്-യാക്കോബായ സഭകൾ തമ്മിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കാനുള്ള നീക്കങ്ങളും നടത്തും. തദ്ദേശ തെരഞ്ഞെടുപ്പിൽ കടുത്ത നിലപാടെടുത്ത സഭ നേതാക്കളുമായി കോൺഗ്രസ് ദേശീയ നേതൃത്വവും കൂടിക്കാഴ്ച നടത്തിയേക്കും. സഭകളിൽ രൂപപ്പെട്ട മുസ്ലിം വിരോധം പരിഹരിക്കാനുള്ള നടപടികളും ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.