പ്രതിപക്ഷ നേതൃസ്ഥാനത്തിന് ഒന്നിച്ചു; ഡി.സി.സി അധ്യക്ഷസ്ഥാനത്തിന് ഗ്രൂപ്പ് മറന്ന് കൂട്ടയിടി
text_fieldsകോട്ടയം: പ്രതിപക്ഷ നേതൃസ്ഥാനത്തിന് ഒന്നിച്ച കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ ഡി.സി.സി അധ്യക്ഷസ്ഥാനത്തിന് പലയിടത്തും കൂട്ടയിടി തുടരുന്നു. ഗ്രൂപ്പുസമവാക്യങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപറത്തിയുള്ള കളിയാണ് ജില്ലകളിൽ അരങ്ങേറുന്നത്. ഫലത്തിൽ സംഘടനതെരഞ്ഞെടുപ്പ് പാർട്ടിയുടെ എല്ലാതലത്തിലും ഏറ്റുമുട്ടൽ ശക്തമാക്കിയിരിക്കുകയാണ്.
ഡി.സി.സി പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഹൈകമാൻഡിെൻറ നേരിട്ടുള്ള ഇടപെടലുള്ളതിനാൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്കും കാര്യമായൊന്നും ചെയ്യാനാകുന്നില്ല. കോൺഗ്രസിലെ ഗ്രൂപ് സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങളും ഇത്തവണ സംഘടന തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം. ഐ ഗ്രൂപ്പിൽതന്നെ ഇപ്പോൾ ഒന്നിലധികം ഗ്രൂപ്പുകളുണ്ട്. ഉമ്മൻ ചാണ്ടിക്കെതിരെ െഎ ഗ്രൂപ് ഹൈകമാൻഡിന് കത്തയച്ചതും എ, ഐ നേതൃത്വത്തിൽ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. കത്തുമായി ബന്ധെപ്പട്ട് ആശയക്കുഴപ്പം നിൽനിൽക്കുന്നുണ്ടെന്ന് എ വിഭാഗം നേതാക്കൾ ആരോപിച്ചതും പുതിയ വിവാദത്തിന് വഴിയൊരുക്കി.
നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കാട്ടിയതുകൊണ്ട് ഹൈന്ദവ വോട്ടുകൾ നഷ്ടമായി എന്നായിരുന്നു ഐ ഗ്രൂപ്പിെൻറ ആരോപണം. ഇതിനെതിരെ എ വിഭാഗം ശക്തമായി രംഗത്തുവന്നതും തെരഞ്ഞെടുപ്പിലെ താൽക്കാലിക ഐക്യസാധ്യതകളെപോലും പ്രതികൂലമായി ബാധിെച്ചന്നാണ് വിവരം. നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം മധ്യകേരളത്തിൽ പല ജില്ലയിലും കോൺഗ്രസിനെ ദുർബലപ്പെടുത്തിയിട്ടുണ്ട്. നേതൃതലത്തിൽ ഭിന്നതയും രൂക്ഷമാണ്. ഇതെല്ലാം പാർട്ടി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കാം. കോട്ടയത്ത് ഡി.സി.സി പ്രസിഡൻറുസ്ഥാനത്തിന് വിവിധ ഗ്രൂപ്പുകളിലായി ഒമ്പതുപേർ രംഗത്തുണ്ട്. ഇടുക്കിയിലും പത്തനംതിട്ടയിലും സമാന സാഹചര്യമാണ്. കോട്ടയത്ത് ഉമ്മൻ ചാണ്ടിക്ക് താൽപര്യമുള്ള ആളെ പ്രസിഡൻറാക്കുക എന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാൽ, ഇത്തവണ ഗ്രൂപ്പുകളെല്ലാം സ്ഥാനമാനത്തിന് രംഗത്തുണ്ട്. മധ്യകേരളത്തിലെ മറ്റുജില്ലകളിലും ഇതേ നിലപാടിലാണ് ഗ്രൂപ്പുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.