അനങ്ങാതെ തദ്ദേശ സ്ഥാപനങ്ങൾ കോട്ടയം ജില്ലയിൽ വാക്സിനെടുത്തത് 1062 തെരുവുനായ്ക്കൾക്ക് മാത്രം
text_fieldsകോട്ടയം: തെരുവുനായ് ശല്യം രൂക്ഷമായി തുടരുമ്പോഴും ജില്ലയിൽ വാക്സിനേഷൻ ഇഴയുന്നു. ഇതുവരെ ജില്ലയിൽ 1062 തെരുവുനായ്ക്കൾക്ക് മാത്രമാണ് വാക്സിൻ നൽകിയത്. തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൈയിൽ മൃഗസംരക്ഷണ വകുപ്പാണ് വാക്സിൻ നൽകുന്നത്. എന്നാൽ, തദ്ദേശ സ്ഥാപനങ്ങൾ താൽപര്യം കാട്ടാത്തതിനാൽ പദ്ധതി മുടന്തുകയാണ്.
ജില്ലയിൽ 15ഓളം പഞ്ചായത്തുകളിൽ മാത്രമാണ് തെരുവുനായ് വാക്സിനേഷൻ നടന്നത്. പഞ്ചായത്ത് സെക്രട്ടറിമാരാണ് പദ്ധതി നടപ്പാക്കേണ്ടത്. നായ്ക്കളെ പിടികൂടാൻ ജീവനക്കാരെ അടക്കം നിയോഗിക്കേണ്ടതും ചെലവ് വഹിക്കേണ്ടതും തദ്ദേശ സ്ഥാപനങ്ങളാണ്. കുറഞ്ഞത് ഒരാളെയെങ്കിലും നിയോഗിക്കണമെന്നായിരുന്നു തീരുമാനം.
ഇവർ അറിയിക്കുന്നതനുസരിച്ച് മൃഗഡോക്ടറെത്തി കുത്തിവെപ്പ് നൽകണമെന്നാണ് വ്യവസ്ഥ. തെരുവുനായ്ക്കളെ പിടികൂടാൻ പഞ്ചായത്തുകൾ കണ്ടെത്തുന്ന ജീവനക്കാർക്ക് മൃഗസംരക്ഷണ വകുപ്പ് പരിശീലനം നൽകും. നായ് പിടിത്തക്കാർക്ക് വാക്സിനേഷനും നൽകും.
എന്നാൽ, നഗര-ഗ്രാമ വ്യത്യാസമില്ലാതെ നായ്ക്കൾ വിഹരിക്കുമ്പോഴും പഞ്ചായത്തുകൾ തീരുമാനം അട്ടിമറിക്കുകയാണ്. വിവിധ പ്രദേശങ്ങളിൽ നാട്ടുകാരെ നായ്ക്കൾ അക്രമിക്കുമ്പോൾ വാക്സിനേഷനും വന്ധ്യംകരണവും ശക്തമാക്കുമെന്ന് തദ്ദേശ സ്ഥാപനങ്ങൾ പ്രഖ്യാപിക്കുമെങ്കിലും തുടർനടപടി ഒന്നുമുണ്ടാവുന്നില്ല. അതേസമയം, ജില്ലയിൽ 43,632 വളർത്തുനായ്ക്കൾക്ക് വാക്സിനേഷൻ എടുത്തിട്ടുണ്ട്. തെരുവുനായ്ക്കൾക്ക് സൗജന്യമായി വാക്സിൻ നൽകുമ്പോൾ വളർത്തുനായ്ക്കൾക്ക് 20 രൂപ ഫീസ് നൽകണം. ഇതിനൊപ്പം 20 രൂപക്ക് ഒ.പി ടിക്കറ്റും എടുക്കേണ്ടിവരും.
നായ്ക്കളെ വന്ധ്യംകരിക്കാൻ കൂടുതൽ എ.ബി.സി സെന്ററുകൾ തുറക്കാനുള്ള നീക്കവും വിജയിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് സ്ഥലം കണ്ടെത്താൻ കഴിയാത്തതാണ് ഇഴയാൻ കാരണം. കോടിമതയിലാണ് ജില്ലയിലെ ഏക എ.ബി.സി സെന്റർ പ്രവർത്തിക്കുന്നത്. ഒരുദിവസം പത്ത് നായ്ക്കളെയാണ് ഇവിടെ വന്ധ്യംകരിക്കുന്നത്. കോട്ടയം നഗരസഭ, പള്ളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെയും തെരുവുനായ്ക്കളെയാണ് കോടിമത സെന്ററിൽ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത്.
ഇടവേളക്കുശേഷം ജില്ലയിൽ തെരുവുനായ് ശല്യം രൂക്ഷമായിരുന്നു. ചെമ്പിലും മറവൻതുരുത്തിലുമായി നായ്ക്കളുടെ ആക്രമണത്തിൽ അടുത്തിടെ10 പേർക്ക് കടിയേറ്റു. വെച്ചൂരിലും നായ്ക്കൂട്ടം നാട്ടുകാരെ ആക്രമിച്ചിരുന്നു. കൂട്ടമായെത്തുന്ന നായ്ക്കൾ കാൽനടയാത്രികരുടെയും ഇരുചക്രവാഹന യാത്രികരുടെയും മുന്നിലേക്ക് കുരച്ചുചാടുന്നതും പതിവാണ്. ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് അപകടങ്ങൾക്കും ഇത് ഇടയാക്കുന്നു. ശല്യം രൂക്ഷമായതോടെ ഹോട്ട് സ്പോട്ടുകളും മൃഗസംരക്ഷണ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഒരുമാസം പത്തോ അതിലധികമോ തെരുവുനായ് ആക്രമണമുണ്ടായ സ്ഥലങ്ങളെയാണ് ഹോട്ട് സ്പോട്ടാക്കിയത്.
പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, വെച്ചൂർ എന്നിവടങ്ങളെയാണ് ജില്ലയിലെ ഹോട്ട് സ്പോട്ടുകൾ. ചങ്ങനാശ്ശേരിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 321 പേർക്കാണ് കടിയേറ്റത്. കാഞ്ഞിരപ്പള്ളി-192, പാലാ-167, വൈക്കം-150, വെച്ചൂർ- 142 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.