മടവീഴ്ച: അപ്പർ കുട്ടനാട്ടിൽ നെൽകൃഷി വെള്ളത്തിൽ
text_fieldsകോട്ടയം: ജില്ലയിൽ മടവീഴ്ച വ്യാപകം. അപ്പർ കുട്ടനാട്ടിൽ ആയിരക്കണക്കിന് ഏക്കർ വിരിപ്പുകൃഷി വെള്ളത്തിൽ മുങ്ങി. കല്ലറ 110 പാടശേഖരത്തിൽ 500 ഹെക്ടറിലെ നെൽച്ചെടികൾ മടവീണ് നശിച്ചു. 12 മുതൽ 45 ദിവസം വരെ പ്രായമായ നെൽച്ചെടികളാണ് നശിച്ചത്.
അയ്മനം പഞ്ചായത്തിലെ കുറുവത്തറ, കല്ലുങ്കത്ര, മങ്ങാട്ട് പുത്തകരി എന്നീ പാടശേഖരങ്ങളിൽ മട വീണതോടെ 350 ഹെക്ടറിലെ നെൽച്ചെടികൾ വെള്ളത്തിലായി. ആർപ്പൂക്കര പഞ്ചായത്തിൽ 50 ഹെക്ടർ വരുന്ന വെച്ചൂർ പന്നക്കാതടം പാടശേഖരത്തിലും മടവീഴ്ചയുണ്ടായി. അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, വെച്ചൂർ, നീണ്ടൂർ, കല്ലറ പഞ്ചായത്തുകളിൽ അവശേഷിക്കുന്ന പാടശേഖരങ്ങളും വെള്ളത്തിനടിയിലാണ്.
വൈക്കത്തെ ഏറ്റവും വലിയ പാടശേഖരമായ 600 ഏക്കറോളം വിസ്തൃതിയുള്ള വെച്ചൂരിലെ പൂവത്തുക്കരി, 250 ഏക്കറുള്ള ഇട്ടിയേക്കാടൻകരി, 200 ഏക്കറുള്ള ദേവസ്വംകരി, 135 ഏക്കർവരുന്ന അച്ചിനകം എട്ട് ഒന്ന്, 100 ഏക്കറുള്ള വലിയ വെളിച്ചം, 110 ഏക്കറുള്ള അരികുപുറം, 103 ഏക്കറുള്ള പന്നക്കാത്തടം തുടങ്ങി 32 പാടശേഖരങ്ങളിലായി 3500 ഏക്കർ നെൽകൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്.
തലയാഴത്ത് സി.കെ.എം, മുണ്ടാർ ഏഴാം ബ്ലോക്ക്, വനം സൗത്ത്, വനം നോർത്ത്, കളപ്പുരയ്ക്കൽ, പനച്ചിംതുരുത്ത് മാന്നാത്തുശ്ശേരി, വട്ടുക്കരി, പള്ളിയാട് പാടശേഖരത്തിലടക്കം 1750 ഏക്കറോളം പാടശേഖരത്തിലും കൃഷി മടവീഴ്ച ഭീഷണിയിലാണ്.
കിലോമീറ്ററുകൾ ദൈർഘ്യംവരുന്ന പുറം ബണ്ടുള്ള വെച്ചൂരിലെ പൂവത്തുക്കരി, ഇട്ടിയേക്കാടൻ കരി, തലയാഴത്തെ മുണ്ടാർ ഏഴാം ബ്ലോക്ക്, സി.കെ.എം, വനം സൗത്ത്, നോർത്ത് ബ്ലോക്കുകളിലടക്കം കർഷകരും തൊഴിലാളികളും ബണ്ട് തകർന്നു വെള്ളം കയറുന്നത് തടയാൻ രാപ്പകൽ ജാഗ്രതയിലാണ്.
കോട്ടയം, മീനച്ചിൽ, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലായി ആയിരക്കണക്കിന് ഏക്കർ വാഴ, പച്ചക്കറി കൃഷികളും നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.