വി. വിഘ്നേശ്വരി കോട്ടയം ജില്ല കലക്ടറായി ചുമതലയേറ്റു
text_fieldsകോട്ടയം: ജില്ല കലക്ടറായി വി. വിഘ്നേശ്വരി ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ 10ന് കലക്ടറേറ്റിൽ കുടുംബസമേതം എത്തിയ കലക്ടറെ അഡീഷനൽ ജില്ല മജിസ്ട്രേറ്റ് റെജി പി. ജോസഫും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. എ.ഡി.എമ്മിൽനിന്നാണ് ചുമതല ഏറ്റെടുത്തത്. ഭർത്താവും എറണാകുളം ജില്ല കലക്ടറുമായ എൻ.എസ്.കെ. ഉമേഷ്, പിതാവ് കെ.ആർ. വേലൈച്ചാമി, മാതാവ് എം.എസ്.വി. ശാന്തി, സഹോദരി ഡോ. വി.ഭുവനേശ്വരി, സഹോദരിയുടെ മക്കളായ ധനുശ്രീ, ഋഷിത് തരുൺ എന്നിവരും വിഘ്നേശ്വരിക്കൊപ്പമുണ്ടായിരുന്നു.
ഡോ. പി.കെ. ജയശ്രീ സർവിസിൽനിന്ന് വിരമിച്ചതിനെത്തുടർന്നാണ് ജില്ലയുടെ 48ാമത് കലക്ടറായി വിഘ്നേശ്വരി ചുമതലയേറ്റത്. 2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫിസറാണ്. കെ.ടി.ഡി.സി എം.ഡിയായും കോളീജിയറ്റ് എജുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
മുൻഗണന വിഷയങ്ങളറിയാൻ ജനാഭിപ്രായം തേടും -കലക്ടർ
കോട്ടയം: ജില്ലയിലെ ജനങ്ങളുടെ പ്രശ്നങ്ങളിൽ മുൻഗണന നൽകേണ്ടത് ഏതെന്ന് കണ്ടെത്താൻ ജനാഭിപ്രായം തേടുമെന്നും സാമൂഹികമാധ്യമങ്ങൾ വഴി അതിനായി കാമ്പയിൻ ആരംഭിക്കുമെന്നും
പുതുതായി ചുമതലയേറ്റ കലക്ടർ വി.വിഘ്നേശ്വരി പറഞ്ഞു.ഓരോ മേഖലയിലും എന്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് ജനങ്ങളിൽനിന്ന് വിവരം തേടുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.