വാഗമൺ നിശാപാർട്ടി: വിളമ്പിയത് ലക്ഷങ്ങൾ വിലയുള്ള ലഹരിവസ്തുക്കൾ
text_fieldsകോട്ടയം: വാഗമൺ വട്ടപ്പതാൽ റിസോർട്ടിലെ നിശാപാർട്ടിയിൽ വിളമ്പിയ ഏഴുതരം ലഹരിവസ്തുക്കൾക്ക് വിപണിയിൽ ലക്ഷങ്ങൾ വിലവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ മുമ്പും ഇത്തരത്തിൽ നിശാപാർട്ടികൾ നടന്നിട്ടുണ്ടെന്നും അവിടെയെല്ലാം വിലപിടിപ്പുള്ള ലഹരിവസ്തുക്കൾ ഇപ്പോൾ അറസ്റ്റിലായവർ എത്തിച്ചിട്ടുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥരും പറയുന്നു.
വിളമ്പിയ മയക്കുമരുന്നുകളുടെ പേരുവിവരങ്ങളടക്കം വിശദാംശങ്ങൾ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുമുണ്ട്. എം.ഡി.എം.എ, എൽ.എസ്.ഡി, കഞ്ചാവ്, എക്സ്റ്റസി പിൽസ്, എക്സ്റ്റസി പൗഡർ, ചരസ്, ഹഷീഷ് എന്നിവയാണ് പ്രതികളിൽനിന്ന് പിടിച്ചെടുത്തത്. ഇവ ബംഗളൂരുവിൽനിന്ന് വാങ്ങിയതാണെന്ന് പ്രതികൾ സമ്മതിച്ച സാഹചര്യത്തിൽ അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിക്കും. പാർട്ടിയിൽ പങ്കെടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ അതത് സ്ഥലങ്ങളിൽനിന്ന് എക്സൈസ് ഇൻറലിജൻസ് വിഭാഗം ശേഖരിക്കുന്നുണ്ട്. പ്രതികൾക്ക് അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് ഇവരുടെ പ്രവർത്തനം. സംഭവത്തിൽ കൂടുതൽ പേർ കുടുങ്ങുമെന്ന് എക്സൈസ് ഇൻറലിജൻസ് സൂചന നൽകി.
അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിനും മറ്റ് ഒമ്പതു പ്രതികൾക്കും മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും ഇവരുടെ ബംഗളൂരു ബന്ധം കൂടി ലഭിച്ചശേഷം കൂടുതൽ നടപടിയിലേക്ക് നീങ്ങുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തൊടുപുഴ സ്വദേശി അജ്മൽ സക്കീറാണ് ഒന്നാംപ്രതി. നിശാപാർട്ടികളിലേക്ക് സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നത് ഇയാളാണ്. രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും സംസ്ഥാനത്തിനു പുറത്തെ മയക്കുമരുന്ന് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന നിഗമനത്തിലാണ് എക്സൈസ്. ബ്രിസ്റ്റി ബിശ്വാസുമായി പ്രതികൾക്ക് മുമ്പും അടുത്ത ബന്ധമാണുള്ളത്.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പൊലീസും എക്സൈസും നിരീക്ഷണം ഏർപ്പെടുത്തി. വാഹന പരിശോധനയും ഊർജിതമാക്കി. വനമേഖലകളിൽ പരിശോധന ഊർജിതമാക്കാൻ വനം വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ചില ഹോട്ടലുകളും റിസോർട്ടുകളും എക്സൈസ് നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.