തലയാഴത്ത് 400 ഏക്കർ നെൽകൃഷി വെള്ളത്തിൽ; വായ്പയെടുത്ത് കൃഷിയിറക്കിയവർ കടക്കെണിയിൽ
text_fieldsവൈക്കം: കനത്ത മഴയിൽ തലയാഴത്തെ നാല് പാടശേഖരങ്ങളിലായി 400 ഏക്കർ നെൽകൃഷി വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് 700 ടൺ നെല്ല് കൊയ്തെടുക്കാനാവാതെ നശിക്കുന്നു. തലയാഴം എട്ടാം വാർഡിലെ കണ്ടംതുരുത്ത് പടിഞ്ഞാറ്, കണ്ടംതുരുത്ത് കിഴക്ക്, മൂന്നാംവേലിക്കരി, കണ്ണു വെള്ളക്കരി, പാലച്ചുവട് തുടങ്ങിയ പാടശേഖരങ്ങളിലെ വിരിപ്പു കൃഷിയുടെ നെല്ലാണ് പെയ്ത്തുവെള്ളത്തിൽ മുങ്ങി നശിക്കുന്നത്.
ദിവസങ്ങളായി വെള്ളത്തിൽ മുങ്ങി അടിഞ്ഞ നെല്ലിെൻറ ചുവട് വിട്ടു പോന്നതിനാൽ യന്ത്രമുപയോഗിച്ച് കൊയ്തെടുക്കാൻ കഴിഞ്ഞില്ല. പാടത്ത് താഴ്ന്നുപോയ കൊയ്ത്തുയന്ത്രം കൊയ്യാനാവാതെ തിരിച്ചുകൊണ്ടുപോയി. ഓരുജലഭീഷണിയുള്ളതിനാൽ കഴിഞ്ഞ എട്ടുവർഷമായി കർഷകർ വിരിപ്പുകൃഷി ചെയ്തിരുന്നില്ല. ഈ പാടശേഖരങ്ങളുടെ സമീപത്തായി താമസിക്കുന്ന നൂറോളം കുടുംബങ്ങൾ വർഷകാലത്ത് വീടുകളിൽ വെള്ളം കയറുന്നതിനാൽ പതിവായി ക്യാമ്പുകളിലേക്ക് മാറി താമസിക്കുകയായിരുന്നു.
വിരിപ്പു കൃഷി ആരംഭിച്ചാൽ വെള്ളപ്പൊക്കമൊഴിവാകുമെന്ന പൊതുയോഗ തീരുമാനപ്രകാരമാണ് വാർഡ് അംഗം പ്രീജു കെ. ശശിയുടെ നേതൃത്വത്തിൽ വിരിപ്പുകൃഷി ഇറക്കിയത്. ഏക്കറിന് 30,000 രൂപ മുടക്കി. ഏക്കറിന് 22 ക്വിന്റൽ നെല്ല് ലഭിക്കുന്ന പാടത്ത് വർഷത്തിൽ രണ്ടുതവണ കൃഷി ചെയ്ത് ഉപജീവനം നടത്താമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. വായ്പയെടുത്തും ആഭരണങ്ങൾ പണയപ്പെടുത്തിയും കൃഷിയിറക്കിയവർ കടക്കെണിയിലായി. കൃഷി നശിച്ച് സാമ്പത്തിക പ്രതിസന്ധിയിലായ കർഷകർക്ക് സർക്കാർ ധനസഹായം നൽകണമെന്ന് തലയാഴം പഞ്ചായത്ത് അംഗം പ്രീജു കെ. ശശി, പാടശേഖര സമിതി ഭാരവാഹികളായ എം.എസ്. പുരുഷോത്തമൻ നായർ, ഗോപാലൻ കരീത്തറ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.