കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി ആറാം ക്ലാസുകാരൻ
text_fieldsവൈക്കം: കൈയും കാലും ബന്ധിച്ച് ഓളപ്പരപ്പിനെ കീഴടക്കി സാഹസികമായി നീന്തിക്കയറിയ ആറാം ക്ലാസുകാരന് എബെന്‍ ജോബി പുതിയ സമയവും ദൂരവും കുറിച്ച് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടി.
കടവൂര്‍ മണിപ്പാറ തൊണ്ടാറ്റില്‍ വീട്ടില്‍ ജോബി എബ്രഹാം -മെറിന് ജോബി ദമ്പതികളുടെ മകനും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂള്‍ വിദ്യാർഥിയുമാണ് 11കാരന് എബെന്‍ ജോബി. ആലപ്പുഴ ജില്ലയിലെ അമ്പലക്കടവില്‍ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴു കിലോമീറ്ററാണ് ഒരു മണിക്കൂര്‍ 23 മിനിറ്റ് കൊണ്ട് നീന്തിക്കടന്നത്.
ഇരു കൈകാലുകള്‍ ബന്ധിച്ച് ഏഴു കിലോമീറ്റര്‍ നീന്തിക്കടന്ന ഏറ്റവും പ്രായംകുറഞ്ഞ ആണ്‍കുട്ടിയും എബെന്‍ തന്നെ. പരിശീലകന് ബിജു തങ്കപ്പന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ആറിലെ കുത്തൊഴുക്കുള്ള ഭാഗത്തുകൂടിയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. രാവിലെ 8.17 ന് ചേന്നംപള്ളി പഞ്ചായത്ത് പ്രസിഡന്റ് സുധീഷ് ഫ്ലാഗ് ഓഫ് ചെയ്തു. എബെന്‍ ജോബിയെ വൈക്കം ഡി.വൈ.എസ്.പി സിബിച്ചന് ജോസഫിന്റെ നേതൃത്വത്തില്‍ വൈക്കം ബീച്ചില്‍ സ്വീകരിച്ചു. തുടര്‍ന്ന് അനുമോദന സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്മാന് പി.ടി. സുഭാഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ബിന്ദു ഷാജി, എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ ടി.എന്‍. മജു, വൈക്കം ഫയര്‍ ആന്‍ഡ് റെസ്ക്യൂ എസ്.ടി.ഒ ടി. പ്രദീപ്കുമാര്‍, ചെമ്പില്‍ അശോകന്, സി.എന്‍. പ്രദീപ് കുമാര്‍, എ.പി. അന്‍സല്‍, റിട്ട. ക്യാപ്റ്റന്‍ വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.