അംഗൻവാടികളിൽ ‘ചിരിക്കിലുക്കം’
text_fieldsവൈക്കം: അംഗൻവാടികളിൽ പുതിയ അധ്യയനത്തിന് തുടക്കമായി. ഉത്സവഭരിതമായ അന്തരീക്ഷത്തിലായിരുന്നു പ്രവേശനോത്സവം. വെച്ചൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ മറ്റം വടകോടി അംഗൻവാടിയിൽ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. പുസ്തകസഞ്ചിയുമായി മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കൈപിടിച്ചുവന്ന കുരുന്നുകളെ മുതിർന്ന കുട്ടികൾ സ്വീകരിച്ച് ആനയിച്ചു. കളിയും ചിരിയും പാട്ടുമായി കുസൃതികാട്ടിയ കുരുന്നുകൾക്ക് മിഠായി, പായസം തുടങ്ങിയവ നൽകി. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സോജി ജോർജ് അധ്യക്ഷത വഹിച്ചു.
ചങ്ങനാശ്ശേരി: നഗരസഭ പുതൂർപള്ളി വാർഡിലെ 109 ാം നമ്പർ അംഗൻവാടി പ്രവേശനോത്സവം വാർഡ് കൗൺസിലർ ഉഷ മുഹമ്മദ് ഷാജി ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ സൗമി റിയാസ്, ഗവ. മുഹമ്മദൻ യു.പി സ്കൂൾ അധ്യാപിക ജിൻസി എബ്രഹാം, ഹെൽപർ സുശീല എന്നിവർ പങ്കെടുത്തു. മധുരപലഹാരങ്ങൾക്കൊപ്പം ചെമ്പരത്തി ജൂസും തണ്ണിമത്തൻ ജൂസും നൽകിയായിരുന്നു കുട്ടികളെ വരവേറ്റത്.
കുമരകം: 88ാം നമ്പര്‍ അംഗന്‍വാടി പ്രവേശനോത്സവം പഞ്ചായത്ത് അംഗം പി.കെ. സേതു ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി ലെവല്‍ മോണിറ്ററിങ് കമ്മിറ്റി അംഗം ടോണി കുമരകം അധ്യക്ഷത വഹിച്ചു. സി.ഡി.എസ് അംഗം ശ്രുതി ശ്രീജിത്, അംഗന്‍വാടി ടീച്ചര്‍ റെനി, വര്‍ക്കര്‍ രജ്ഞിത സുരേഷ് എന്നിവര്‍ സംസാരിച്ചു.
പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ 20ാം നമ്പർ അംഗൻവാടിയിലെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അഭിലാഷ് ബാബു അധ്യക്ഷത വഹിച്ചു. അംഗൻവാടി വർക്കർ സജിമോൾ, ഹെൽപർ ലളിതകുമാരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.