അലങ്കരിച്ച് പന്തലുകൾ; അഷ്ടമി ആഘോഷം
text_fieldsവൈക്കം: അഷ്ടമിവിളക്കിനായി വരവേൽപ് പന്തലുകൾ ഒരുങ്ങി. വലിയകവല ഓർണമെന്റ് ഗേറ്റ്, കൊച്ചാലുംചുവട്, വടക്കേനട എന്നിവിടങ്ങളിലും തെക്കേനടയിലുമാണ് വരവേൽപ് പന്തലുകൾ ഒരുങ്ങിയത്. വൈദ്യുതിദീപം, ദേവീദേവൻമാരുടെ ചിത്രങ്ങൾ, കുരുത്തോല, വാഴക്കുല, കരിക്കിൻകുല, മുത്തുക്കുട എന്നിവകൊണ്ടാണ് അലങ്കരിച്ചത്.
താരകാസുര നിഗ്രഹം കഴിഞ്ഞ് എഴുന്നള്ളുന്ന ഉദയനാപുരത്തപ്പനും ഒപ്പമുള്ള കൂട്ടുമ്മേൽ ഭഗവതി, ശ്രീനാരായണപുരം ദേവൻ എന്നിവർക്ക് നൽകുന്ന വരവേൽപാണ് പ്രധാന ചടങ്ങ്. വലിയകവല ഓർണമെന്റൽ ഗേറ്റ് കമ്മിറ്റി ആഭിമുഖ്യത്തിൽ ഓർണമെന്റ് ഗേറ്റിൽ വൈദ്യുതിദീപങ്ങൾ നിറദീപം, നിറപറ എന്നിവയൊരുക്കി വരവേൽക്കും.
കൊച്ചാലുംചുവട് ഭഗവതി ട്രസ്റ്റ് ആഭിമുഖ്യത്തിൽ കൊച്ചാലുംചുവട് ഭഗവതി സന്നിധാനത്തിൽ ഏഴു നിലയിലാണ് അലങ്കാരപ്പന്തൽ. 51 പറ അരിയുടെ അന്നദാനവും ഒരുക്കിയിട്ടുണ്ട്. ആദ്യത്തെ വരവേൽപ് പന്തലാണ് വടക്കേനടയിലേത്. ഇവിടെ ഉദയനാപുരത്തപ്പനെയും പരിവാരങ്ങളെയും വരവേൽക്കുന്നത്.
തെക്കേനടയിൽ മൂത്തേടത്തുകാവ് ഭഗവതിയെയും ഇണ്ടംതുരുത്തിൽ ഭഗവതിയെയും വരവേൽക്കുന്നതിനുള്ള മൂന്നുനില വരവേല്പ് പന്തലിന്റെ പണിയും പൂർത്തിയായിട്ടുണ്ട്. 500ലധികം നിലവിളക്ക് തെളിച്ച് നിറപറ ഒരുക്കിയാണ് വരവേൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.