വന്മരം മുറിച്ചുനീക്കാൻ തീരുമാനം
text_fieldsവൈക്കം: തെക്കേനടയിൽ വൈക്കം ഉപജില്ല വിദ്യാഭ്യാസ ഓഫിസ് വളപ്പിൽ അപകടഭീഷണിയായി നിൽക്കുന്ന വന്മരം 27ന് മുറിച്ചുനീക്കുന്നതിന് തീരുമാനമായി. വൈക്കം താലൂക്ക് ഓഫിസിൽ വൈക്കം തഹസിൽദാർ, നഗരസഭ ചെയർപേഴ്സൻ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് മരം മുറിച്ചുനീക്കാൻ തീരുമാനമായത്. വൈദ്യുതിബന്ധം വിച്ഛേദിച്ചും ഗതാഗതം തടസ്സപ്പെടുത്തിയുമാണ് മരം മുറിച്ചുനീക്കേണ്ടത്. പതിറ്റാണ്ടുകൾ പഴക്കമുള്ള മരത്തിന്റെ ശാഖകൾ റോഡിന് മീതേ നീണ്ടുനിൽക്കുകയാണ്. വൈക്കം ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥികളും മറ്റും ബസ് കാത്തുനിൽക്കുന്നതും മരത്തിന് എതിർവശത്താണ്. ഇവിടെ ഏതാനും വ്യാപാര സ്ഥാപനങ്ങളുമുണ്ട്.
രണ്ടുമാസം മുമ്പ് തോട്ടുവക്കത്തിന് സമീപം ശക്തമായ കാറ്റിൽ ശിഖരംവീണ് സൈക്കിളിൽ സഞ്ചരിച്ചിരുന്ന വയോധികന് പരിക്കേറ്റിരുന്നു. വലിയ ശിഖരങ്ങളുമായി റോഡിലേക്ക് പന്തലിച്ചുനിൽക്കുന്ന മരം മുറിച്ചുനീക്കിയില്ലെങ്കിൽ വിദ്യാർഥികളടക്കമുള്ളവർക്കും വഴിയാത്രികർക്കും വ്യാപാരികൾക്കും അപകടമുണ്ടാകുമെന്ന വിലയിരുത്തലിലാണ് അധികൃതർ മരം മുറിച്ചുമാറ്റാൻ തീരുമാനമെടുത്തത്.
മരം മുറിക്കുന്നതിനെതിരെ വൃക്ഷസ്നേഹികൾ രംഗത്ത്
വൈക്കം: വൈക്കം എ.ഇ.ഒ ഓഫിസ് വളപ്പിൽ നിൽക്കുന്ന 100 വർഷത്തിലധികം പഴക്കമുള്ള മഹാഗണി മരം വെട്ടിമാറ്റാനുള്ള അധികൃതരുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് വൃക്ഷസ്നേഹികൾ. വൈക്കത്ത് ചുഴലിക്കാറ്റ് വീശിയിട്ടുപോലും മരത്തിന്റെ ഒരു ചില്ലപോലും ഒടിഞ്ഞുവീണില്ല. ഇതുവരെ ഒരു അപകടവും ഈ മരം വരുത്തിയതായി അറിവില്ല. കൂടെയുണ്ടായിരുന്ന മറ്റൊരു മരം കുറെ വർഷങ്ങൾക്ക് മുമ്പ് വെട്ടിയിരുന്നു. ഈ മഹാഗണിയുടെ ഇല കൊഴിയുമെന്ന ഉപദ്രവം മാത്രമേയുള്ളൂ.
നിലവിലെ കെട്ടിടങ്ങൾക്കും മതിലിനും റോഡിനും ഒരു കേടുപാടും ഇതുവരെ സംഭവിച്ചിട്ടില്ല. അപകടഭീഷണി മുൻനിർത്തിയാണെങ്കിൽ മരത്തിന്റെ ഏതാനും ശാഖകൾ മുറിച്ചുനീക്കി തണൽ വിരിച്ചുനിൽക്കുന്ന മരത്തെ സംരക്ഷിക്കണമെന്നാണ് വൃക്ഷസ്നേഹികളുടെ ആവശ്യം.
തണൽമരം വെട്ടിനശിപ്പിച്ചു
ചങ്ങനാശ്ശേരി: മൂന്ന് പതിറ്റാണ്ടിലേറെയായി നാടിന് തണലേകിയ മരം ചുവടോടെ വെട്ടിനശിപ്പിച്ചു. ചങ്ങനാശ്ശേരി-കവിയൂർ റോഡിൽ പട്ടത്തിമുക്ക് എം.ആർ. സ്റ്റോറിന് മുന്നിൽനിന്ന ബദാംമരമാണ് ഞായറാഴ്ച വെട്ടിമാറ്റിയത്. നാട്ടുകാർക്കും കാൽനട യാത്രികർക്കും വ്യാപാരികൾക്കും ഒരുപോലെ ആശ്വാസമായിരുന്ന തണൽമരം വെട്ടിനശിപ്പിച്ചതിൽ വ്യാപക പ്രതിഷേധം ഉണ്ട്. ഞായറാഴ്ചയായതിനാൽ ജങ്ഷനിലെ ഭൂരിപക്ഷം വ്യാപാര ശാലകളും അടഞ്ഞുകിടക്കുകയായിരുന്നു.
മെഷീൻ വാൾ ഉപയോഗിച്ച് കുറഞ്ഞ സമയത്തിൽ മരംമുറിച്ച് മാറ്റിയെതായി നാട്ടുകാർ പറയുന്നു. നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് വൈദ്യുതി ബോർഡ് അധികൃതർപോലും കാലങ്ങളായി മരം സംരക്ഷിക്കുന്ന തരത്തിലാണ് അപകടകരമായ ശിഖരങ്ങൾ മുറിച്ചുമാറ്റിയിരുന്നത്. കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഫോറസ്റ്റ് , പൊലീസ് അധികൃതർക്ക് പരാതിനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.