വൈക്കത്തിന് വികസനക്കുതിപ്പേകി -എം.പി
text_fieldsവൈക്കം: കഴിഞ്ഞ അഞ്ചുവർഷം വൈക്കത്തെ എല്ലാ മേഖലയിലും വികസനക്കുതിപ്പേകിയെന്ന് തോമസ് ചാഴികാടൻ എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈക്കത്തിന്റെ ഭൂമിശാസ്ത്ര, തൊഴിൽ സാഹചര്യങ്ങൾ പ്രത്യേകം പരിഗണിച്ച് തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു.
എം.പിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിച്ച് 20 പദ്ധതികൾ യാഥാർഥ്യമാക്കി. പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ തുരുത്തേൽ-ബ്രഹ്മമംഗലം റോഡ് 3.06 കിലോമീറ്ററിൽ 2.24 കോടി രൂപ വിനിയോഗിച്ച് വികസിപ്പിച്ചു. അമൃത് ശുദ്ധജലപദ്ധതിയിൽ നഗരസഭയിൽ ആറു കോടിയുടെ വികസനം നടത്തി.
ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട് വൈക്കം മണ്ഡലത്തിലെ വെച്ചൂർ, തലയാഴം, ടി.വി പുരം, ഉദയനാപുരം, മറവൻതുരുത്ത്, ചെമ്പ്, തലയോലപ്പറമ്പ്, വെള്ളൂർ, കല്ലറ പഞ്ചായത്തുകളിലായി 63.27 കോടി രൂപയുടെ പ്രവൃത്തിയാണ് യാഥാർഥ്യമാക്കിയത്.
എൻ.എച്ച്.എം പദ്ധതിയിൽ വെച്ചൂർ, തലയാഴം, ടി.വി പുരം പഞ്ചായത്തുകളിൽ 6.1 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി. ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി 1.44 കോടി രൂപയുടെ പദ്ധതികളിൽപെടുത്തി നീർപ്പാറയിലെ ബധിര വിദ്യാലയത്തിലൂടെ 48.06 ലക്ഷം രൂപയുടെ ശ്രവണസഹായി നൽകാൻ കഴിഞ്ഞു.
എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പി. സുഗതൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എബ്രഹാം പഴയകടവൻ, നിയോജകമണ്ഡലം പ്രസിഡന്റ് ബെപ്പിച്ചൻ തുരുത്തിയിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.