എല്ലാവർക്കും ആശ; ജയിക്കാനും ഭരിക്കാനും
text_fieldsവൈക്കം: 'പെൺപോരെ'ന്ന നിസ്സാര തലക്കെട്ടിൽ ഒതുക്കാവുന്ന മത്സരമല്ല വൈക്കത്ത് ഇക്കുറി നടക്കുന്നത്. മൂന്ന് മുന്നണിയും വനിത സ്ഥാനാർഥികളെ നിയോഗിച്ചിട്ടുള്ള സംസ്ഥാനത്തെ ഏകമണ്ഡലം എന്നത് കൗതുകവാർത്തയായി കാണേണ്ടതുമല്ല. കേരളത്തിലെ മറ്റ് ഏത് നിയോജക മണ്ഡലത്തിലേക്കാളും വാശിയേറിയ മത്സരമാണ് ഇവിടെ നടക്കുന്നത്. 2016ല്‍ കോണ്‍ഗ്രസിന്റെ അഡ്വ. എ. സനീഷ്കുമാറിനെ നേരിടാൻ സിറ്റിങ് എം.എൽ.എ കെ. അജിത്തിനെ മാറ്റി സി.പി.ഐ സി.കെ. ആശയെ രംഗത്തിറക്കിയത് കഴിവ് മുന്നിൽക്കണ്ട് തന്നെയായിരുന്നു.
അഞ്ചുവർഷം കഴിഞ്ഞ് ആശയെ നേരിടാൻ ആണുങ്ങൾ പോരാതെ വരുന്നതുകൊണ്ടാണ് മറ്റ് മുന്നണികൾക്ക് സ്ത്രീ സ്ഥാനാർഥികളെ കണ്ടെത്തേണ്ടി വന്നത്. കഴിവിനെ കഴിവുകൊണ്ട് നേരിടാൻ മുന്നണികൾ തീരുമാനിച്ചതിെൻറ ഗുണം വൈക്കത്തിന് കിട്ടുകയും ചെയ്തു. ഏതെങ്കിലും സ്ത്രീയെ മുന്നിൽ നിർത്തി പിന്നിൽനിന്ന് ഭരിക്കുന്നു എന്ന ആരോപണം ഏതായാലും വൈക്കത്തുണ്ടാവില്ല. കാരണം വിവിധ കാലഘട്ടങ്ങളിൽ രാഷ്ട്രീയത്തിലും ഭരണത്തിലും കഴിവ് തെളിയിച്ചവരാണ് ഓരോ മുന്നണിക്കും വേണ്ടി മത്സരിക്കുന്നത്.
ജനത്തെ കണ്ണടച്ച് വിശ്വസിച്ച് ആശ
2016ല്‍ 24,584 വോട്ടിെൻറ ഭൂരിപക്ഷം നേടിയായിരുന്നു ആശയുടെ കന്നിജയം. ആശക്ക് 61,997 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ കോണ്‍ഗ്രസിെൻറ അഡ്വ. എ. സനീഷ്കുമാറിന് 37,413 വോേട്ട കിട്ടിയുള്ളൂ. ബി.ഡി.ജെ.എസിലെ എന്‍.കെ. നീലകണ്ഠന് (30,087 വോട്ട്) ആയിരുന്നു മൂന്നാമത്. വൈക്കം മണ്ഡലത്തിെൻറ ചിത്രത്തിലെ ഏക വനിത എം.എൽ.എയാണ് സി.കെ. ആശ. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുമണ്ഡലത്തിലെത്തിയ ആശ നിലവില്‍ സി.പി.ഐ കോട്ടയം ജില്ല കൗൺസിൽ അംഗമാണ്. കഴിഞ്ഞ കുറെയേറെ തെരഞ്ഞെടുപ്പുകളിൽ സി.പി.ഐയെ മാത്രം ജയിപ്പിച്ച ൈവക്കം നിവാസികളെ കണ്ണടച്ച് വിശ്വസിച്ചാണ് ആശയുടെ നിൽപ്.
ഭരണപരിചയ ബലത്തിൽ സോന
അഞ്ചു വർഷം കോട്ടയം നഗരസഭ അധ്യക്ഷയായിരുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. പി.ആര്. സോനയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. നിയമസഭയിലേക്ക് മത്സരിക്കുന്നത് ഇതാദ്യമാണെങ്കിലും ജില്ലയിലുടനീളം സുപരിചിതയാണ് സോന.
മുമ്പ് മൂന്ന് തവണ കോൺഗ്രസ് ജയിച്ചിട്ടുണ്ടെന്ന ചരിത്രം പഠിച്ചാണ് സോന വൈക്കത്ത് എത്തുന്നത്. മികച്ച സ്ഥാനാർഥിയാണെങ്കിൽ വൈക്കം ചുവന്നുതന്നെ നിൽക്കണമെന്ന് നിർബന്ധമില്ല.
അജിതയെ പരിചയപ്പെടുത്തേണ്ട
യു.ഡി.എഫില്‍നിന്ന് ബി.ഡി.ജെ.എസിലെത്തിയ അജിത സാബുവാണ് എൻ.ഡി.എ സ്ഥാനാര്‍ഥി. കോട്ടയം ജില്ല പഞ്ചായത്ത് മുന്‍ അധ്യക്ഷകൂടിയായ അജിതയെയും പ്രത്യേകം പറഞ്ഞു പരിചയപ്പെടുത്തേണ്ടതില്ല.
ബി.ഡി.ജെ.എസിന് ധൈര്യമായി മത്സരരംഗത്ത് നിൽക്കാൻ മാത്രം അണികളുള്ള മണ്ഡലമാണ് വൈക്കമെന്നത് ആത്മവിശ്വാസം കൂട്ടുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ ഒന്നിനൊന്നു മികച്ചതെന്ന് തെളിയിക്കപ്പെട്ടവരിൽ ഒന്നിനെ തെരഞ്ഞെടുക്കുകയെന്ന ലളിതമായ ജോലി മാത്രമേ ഇക്കുറി വൈക്കത്തെ വോട്ടർമാർക്കുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.