സാമ്പത്തിക പ്രതിസന്ധി; കർഷകൻ തനിച്ച് നെല്ല് കൊയ്യുന്നു
text_fieldsവൈക്കം: വർഷങ്ങളായി തരിശായികിടന്ന രണ്ടേക്കർ നിലം കൃഷിയോഗ്യമാക്കി നെൽകൃഷി ചെയ്ത കർഷകൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തനിച്ച് നെല്ല് കൊയ്യുന്നു. തലയാഴം തോട്ടകം മൂന്നാംനമ്പർ ചെട്ടിക്കരി ബ്ലോക്കിൽ കൃഷിചെയ്ത വൈക്കം തോട്ടുവക്കം വടക്കേ ചെമ്മനത്തുകര പാലേത്ത് ചക്രപാണിയാണ് (84) തൊഴിലാളികളെ ഇറക്കി കൊയ്യിക്കാൻ പണമില്ലാത്തതിനാൽ തനിച്ച് നെല്ല് കൊയ്തെടുക്കുന്നത്.
ഏഴുവർഷമായി തരിശുകിടക്കുന്ന നിലം തലയാഴം കൃഷിഭവൻ അധികൃതരുടെയും പഞ്ചായത്തിെൻറയും പിൻബലത്തോടെയാണ് ചക്രപാണി കൃഷിയോഗ്യമാക്കിയത്. പുല്ലും മറ്റും ദിവസങ്ങളോളമെടുത്താണ് വെട്ടിനീക്കിയത്. ഇതിനായി തൊഴിലാളികൾക്ക് കൂലി നൽകിയത് 50,000 രൂപയോളം കടം വാങ്ങിയാണ്. വിത്ത് വിതച്ചതും പറിച്ചുനട്ടതും വളമിട്ടതുമൊക്കെ ചക്രപാണി തന്നെ ചെയ്തതിനാൽ കൂലിച്ചെലവ് ഒഴിവായി.
കൊയ്യാറായപ്പോഴേക്കും സാമ്പത്തികമായി തകർന്ന ചക്രപാണിക്ക് തൊഴിലാളികളെ കൊയ്യാൻ വിളിക്കാൻ പറ്റാത്ത സ്ഥിതിയായി. കൊയ്ത്ത് യന്ത്രം താണുപോകുന്ന പാടത്ത് മറ്റൊന്നും ആലോചിക്കാതെ ഈ വയോധികൻ തനിച്ച് കൊയ്യാനാരംഭിച്ചു. ഏതാനും ദിവസങ്ങൾക്കകം നെല്ല് പൂർണമായി കൊയ്തെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ചക്രപാണി. നെൽകൃഷിക്ക് പുറമെ, കപ്പ, പച്ചക്കറി, വാഴ തുടങ്ങിയവയും ചക്രപാണി കൃഷിചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.