അംഗൻവാടിയുടെ ഭിത്തി തകർന്ന് നാലുവയസ്സുകാരന് പരിക്ക്
text_fieldsവൈക്കം: നഗരസഭ 25-ാം വാർഡിലെ കായിക്കര അംഗൻവാടിയുടെ ഭിത്തി ഇടിഞ്ഞുവീണ് നാലുവയസ്സുകാരന് പരിക്കേറ്റു. കായിക്കര പനക്കച്ചിറ അജിയുടെ മകൻ ഗൗതമിനാണ് പരിക്കേറ്റത്. കുട്ടിയുടെ കാലിന് ഒടിവുപറ്റി. മൂക്ക്, ചെവി എന്നിവിടങ്ങളിൽനിന്ന് രക്തസ്രാവമുണ്ടായി. വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 10.15 ഓടെയാണ് അപകടമുണ്ടായത്. അംഗൻവാടി പ്രവർത്തിക്കുന്ന മുറിയുടെ പ്രധാന ഭിത്തി അപ്രതീക്ഷിതമായി തകർന്നുവീഴുകയായിരുന്നു. വീടിനോട് അനുബന്ധിച്ച് നിർമിച്ച മുറിയുടെ ഭിത്തി അതിനോടനുബന്ധിച്ച കോൺക്രീറ്റ് ഷെൽഫ് അടക്കം മുറിക്ക് പുറത്തേക്കാണ് മറിഞ്ഞത്. ഈസമയം ഭിത്തിയോട് ചേർന്ന് കളിച്ചുകൊണ്ടിരുന്ന ഗൗതമും പുറത്തേക്ക് വീണു.
10 കുട്ടികൾ പഠിക്കുന്ന അംഗൻവാടിയിൽ രണ്ട് കുട്ടികൾ മാത്രമാണ് എത്തിയിരുന്നത്. അംഗൻവാടി വർക്കർ ബിനു അവധിയിലായിരുന്നു. കുട്ടികൾക്കൊപ്പമുണ്ടായിരുന്ന അംഗൻവാടി ഹെൽപർ സിന്ധുവും സമീപത്തുനിന്ന് ഓടിയെത്തിയവരും ചേർന്ന് ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മഠത്തിൽപറമ്പിൽ ഗിരിജദാസന്‍റെ വീടിനോട് ചേർന്ന മുറിയിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. സമീപത്തെ മറ്റൊരു വീടിനോട് അനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന അംഗൻവാടി ഒരു വർഷം മുമ്പാണ് ഇപ്പോൾ തകർന്നുവീണ മുറിയിലേക്ക് മാറ്റിയത്. വീടിനോട് പുതുതായി കൂട്ടിച്ചേർത്ത ഈ മുറിയിൽ അംഗൻവാടി പ്രവർത്തിക്കുന്നതിന് നഗരസഭ ഫിറ്റ്നസ് നൽകിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.