കൊയ്ത്ത് യന്ത്രം കയറ്റിവിട്ടു; കൃഷിക്കാർ അവതാളത്തിൽ
text_fieldsവൈക്കം: സമീപ പാടങ്ങളിലെ വിളവെടുപ്പ് കഴിഞ്ഞ് കൊയ്ത്ത് യന്ത്രം പാടശേഖര സമിതി കയറ്റിവിട്ടതിനെ തുടർന്ന് ഏഴേക്കർ കൊയ്തെടുക്കാനാകാതെ കർഷകൻ വലയുന്നു.
വൈക്കം തലയാഴം തോട്ടകം കളപ്പുരയ്ക്കൽക്കരിയിൽ കൃഷിയിറക്കിയ പാലയ്ക്കത്തറ അജി മോനാണ് വിളവെടുക്കാനാകാതെ പ്രതിസന്ധിയിലായത്. സർക്കാർ മിച്ചഭൂമിയായ ഏഴേക്കർ 75,001 രൂപക്കാണ് അജിമോൻ ലേലത്തിനെടുത്ത് കൃഷി ചെയ്തത്. 50 ഏക്കർ വരുന്ന കളപ്പുരയ്ക്കൽ കരിയിൽ 47 കർഷകരാണുള്ളത്. കൊയ്ത്ത് ആരംഭിച്ചിട്ട് 10 ദിവസം കഴിഞ്ഞു. അജിമോന്റെ പാടത്തിൽ കൊയ്യാതെ കൊയ്ത് യന്ത്രം ചങ്ങാടത്തിൽ കയറ്റിയാണ് മറുവശത്ത് കൊയ്യാൻ കൊണ്ടുപോയത്. ആ കൊയ്ത്ത് യന്ത്രം കയറ്റി ഇറക്കുകൂലി നൽകി പാടത്തെത്തിക്കാൻ 37,000 രൂപ ചെലവ് വരും.
പാടശേഖര സമിതി പാടത്തേക്ക് വെള്ളമെത്തിക്കുന്ന ചാലിൽ മുട്ടിട്ടും വെള്ളമെത്തിക്കാത്ത സ്ഥിതി ഉണ്ടാക്കിയതുംമൂലം ശുദ്ധജലം ലഭിക്കാത്തത് വിളവ് കുറച്ചതായി അജിമോൻ ആരോപിക്കുന്നു.
കൊയ്ത്ത് യന്ത്രം കൊണ്ടുപോയതിനെ തുടർന്ന് വിളവെടുപ്പ് പ്രതിസന്ധിയിലായതിൽ കൃഷിഭവനിലും പഞ്ചായത്തിലും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് അജിമോൻ പറഞ്ഞു. അതേസമയം, പാടശേഖരത്തിലെ പൊതുചെലവായി നൽകാനുള്ള തുക അജിമോൻ നൽകിയിട്ടില്ലെന്നും അതുമൂലമാണ് നിസ്സഹകരണമെന്ന് പാടശേഖര സമിതി സെക്രട്ടറി പി.ജി. ബേബി പറഞ്ഞു.
നെല്ല് വിളവെടുപ്പ് കഴിഞ്ഞ് പി.ആർ.എസ് എഴുതി കഴിയുമ്പോഴാണ് പൊതുചെലവ് കർഷകർ നൽകുന്നതെന്നും കഴിഞ്ഞ തവണ 10,000 രൂപ നൽകിയെന്നും നെല്ലിന്റെ വിലയിനത്തിൽ പാടശേഖര സമിതി തനിക്ക് പണം തരാനുണ്ടെന്നും അജിമോൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.