പൈലിങ്ങിനിടെ ചൂടുവെള്ളം പുറത്തേക്ക്; പരിഭ്രാന്തി
text_fieldsവൈക്കം: പാലത്തിനായി പൈലിങ് നടത്തുന്നതിനിടയിൽ വൈദ്യുതി പോസ്റ്റിന് സമീപത്തുനിന്ന് തിളച്ചവെള്ളം പുറത്തേക്കുവന്നത് പരിഭ്രാന്തിപരത്തി.
മറവൻതുരുത്ത് -ചെമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിനു കുറുകെ നിർമിക്കുന്ന മൂലേക്കടവ് പാലത്തിന്റെ പൈലിങ്ങിനിടയിലാണ് ഞായറാഴ്ച വൈകീട്ട് ആറോടെ തിളച്ചവെള്ളം പുറത്തേക്കുവന്നത്.
വൈദ്യുതി തകരാറുമായി ബന്ധപ്പെട്ടാണോ അടിയിൽനിന്ന് വെള്ളം തിളച്ചെത്തുന്നതെന്ന് കരുതി കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
തുടർന്ന് പരിശോധന നടത്തി വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രതിഭാസമല്ലിതെന്ന് ഉറപ്പുവരുത്തി. മറവൻതുരുത്ത് പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. പിന്നീട് മറവൻതുരുത്ത് പഞ്ചായത്ത് അധികൃതർ ജിയോളജിസ്റ്റുമായി ബന്ധപ്പെട്ടു.
നിരന്തരം പൈലിങ് നടത്തുമ്പോൾ ഭൂമിക്കടിയിൽ ഉണ്ടാകുന്ന താപം ദുർബലമായ സ്ഥലത്തുകൂടി പുറത്തുവരുന്നതുകൊണ്ടാണ് വെള്ളം തിളച്ചുമറിയുന്നതായി കാണുന്നതെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജിയോളജിസ്റ്റ് അറിയിച്ചതോടെയാണ് ജനത്തിന്റെ ആശങ്ക അകന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.