മുളക്കുളം-വടയാർ-മുട്ടുചിറ റോഡ് നിർമാണം പ്രതിസന്ധിയിൽ
text_fieldsവൈക്കം: മുളക്കുളം-വടയാർ-മുട്ടുചിറ റോഡ് നിർമാണം പ്രതിസന്ധിയിലായതോടെ ജനങ്ങൾ ദുരിതത്തിൽ. റോഡ് നിർമിക്കാൻ പഴയ റോഡ് പൊളിച്ചിട്ടിട്ട് രണ്ടു വർഷം കഴിഞ്ഞു. ഇതുവരെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
വെട്ടിക്കാട്ടുമുക്ക്-വെള്ളൂർ റോഡിലൂടെ സർവിസ് നടത്തിയ ബസുകൾ നിർത്തലാക്കിയത് സാധാരണക്കാരുടെ യാത്രാദുരിതത്തിനും കാരണമായി. പിറവം റോഡ് റെയിൽവേ സ്റ്റേഷൻ, പഞ്ചായത്ത് ഓഫിസ്, ആശുപത്രി, സ്കൂളുകൾ, കെ.പി.പി.എൽ, വിവിധ സർക്കാർ ഓഫിസുകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ജനങ്ങളുടെ ഏകയാത്രാമാർഗമാണ് ഈ റോഡ്. ഈ പദ്ധതിയുടെ ഭാഗമായി വെള്ളൂരിൽനിന്ന് മുളക്കുളത്തേക്കുള്ള റോഡ് നിർമാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. വെട്ടിക്കാട്ടുമുക്കിൽനിന്ന് അടിയംവഴി തലയോലപ്പറമ്പിലേക്കുള്ള റോഡും തകർന്നു.
വടയാർ മുതൽ അറുനൂറ്റിമംഗലംവഴി മുട്ടുചിറയിലേക്കുള്ള റോഡിന്റെ നിർമാണവും നിലച്ചിരിക്കുകയാണ്. റോഡ് പൊളിഞ്ഞുകിടക്കുന്നതിനാൽ പൊടിശല്യവും രൂക്ഷമാണ്.
ഓടകൾ അടഞ്ഞത് വെള്ളക്കെട്ടിനും കാരണമായി. 23 കിലോമീറ്റർ റോഡിന്റെ നിർമാണത്തിന് 111 കോടിയായിരുന്നു വകയിരുത്തിയിരുന്നത്. കെ.എസ്.ടി.പിക്കാണ് നിർമാണച്ചുമതല. കോൺക്രീറ്റ് ചെയ്ത് സംരക്ഷണ ഭിത്തിയടക്കം നിർമിക്കുന്നതിനാണ് ലക്ഷ്യമിട്ടത്. രണ്ടു വർഷമായിരുന്നു കരാർ കാലാവധി. എന്നാൽ, കരാറുകാർക്ക് സർക്കാർ പണം അനുവദിക്കാത്തതാണ് നിർമാണം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
റോഡ് നിർമാണം പൂർത്തീകരിക്കാൻ ഇനിയും വൈകിയാൽ ബഹുജന സമരം സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.