നേരേകടവ്-മാക്കേക്കടവ് കായൽപാലം; 97.23 കോടിയുടെ അംഗീകാരം
text_fieldsവൈക്കം: പാതിയിൽ നിർമാണം നിലച്ച നേരേകടവ്-മാക്കേക്കടവ് കായൽപാലം പൂർത്തിയാക്കാൻ ധനകാര്യ വകുപ്പ് 97.23 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി. വേമ്പനാട്ടുകായലിന് കുറുകെ നേരേകടവ്-മാക്കേക്കടവ് ഫെറിയിൽ 2016ൽ നിർമാണം ആരംഭിച്ച പാലം 18 മാസത്തിനകം പൂർത്തിയാക്കാനായിരുന്നു കരാർ. നിർമാണം ദ്രുതഗതിയിൽ നടന്നുവരുന്നതിനിടെ സമീപ റോഡിനായി സ്ഥലമേറ്റെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കോടതിയിലെത്തിയതോടെയാണ് നിർമാണം നിലച്ചത്.
വർഷങ്ങളോളം നിർമാണം നിലച്ചതിനാൽ പാലം പൂർത്തിയാക്കാൻ മുമ്പ് അനുവദിച്ച 76 കോടി അപര്യാപ്തമാണെന്ന കരാറുകാരന്റെ ആവശ്യംകൂടി പരിഗണിച്ച് പുതിയ എസ്റ്റിമേറ്റ് എടുത്താണ് തുക പുതുക്കിനിശ്ചയിച്ചത്. അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കലിനും ശേഷിക്കുന്ന നിർമാണപ്രവർത്തനങ്ങൾക്കും ഉൾപ്പെടെയാണ് പണം അനുവദിച്ചത്.
ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരിയെയും ഉദയാനപുരത്തെയും ബന്ധിപ്പിക്കാനായി ഏറ്റെടുത്ത നിർമാണമാണിത്. 2012ൽ തുറവൂർ-പമ്പ പാത പദ്ധതിയിൽ പാലംപണിക്ക് ഭരണാനുമതി നൽകി. എന്നാൽ, 2016ൽ എൽ.ഡി.എഫ് സർക്കാർ ചുമതലയേറ്റശേഷമാണ് നിർമാണപ്രവർത്തനങ്ങൾക്ക് നടപടി സ്വീകരിച്ചത്.
കായലിൽ തൂണുകളെല്ലാം പൂർത്തിയായപ്പോൾ ഹൈകോടതിയിലുണ്ടായ വ്യവഹാരംമൂലം തുടർനിർമാണങ്ങൾ നിലച്ചു. തൂണുകളിലെ ഗർഡർ സ്ഥാപിക്കൽ ഉൾപ്പെടെ തടസ്സപ്പെട്ട് പാലത്തിന്റെ കോൺഗ്രീറ്റ് കനത്ത ചൂടിൽ പൊട്ടി. കമ്പികൾ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിലക്ക് ഉത്തരവ് ഹൈകോടതി നീക്കിയതോടെയാണ് പാലം പൂർത്തീകരണ നടപടി പുനരാരംഭിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.