വൈക്കത്ത് നിരാശയുടെ വിളവെടുപ്പ്
text_fieldsവൈക്കം: കർഷകർക്ക് കണ്ണീരായി വെച്ചൂർ പൊന്നങ്കരി പോട്ടക്കരി പാടശേഖരത്തിലെ വിളവെടുപ്പ്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മുങ്ങിയ നെൽകൃഷിയെ രാപ്പകൽ ഉറക്കമൊഴിച്ച് രക്ഷിച്ചെടുത്ത കർഷകർക്ക് വിളവെടുത്തപ്പോൾ കൊയ്ത്തുയന്ത്രത്തിന് കൊടുത്ത വാടകപോലും ലഭിച്ചില്ല. കഴിഞ്ഞ തവണ ഏക്കറിന് 22 ക്വിൻറൽ നെല്ലു ലഭിച്ച കർഷകർക്ക് ഇക്കുറി രണ്ട് ക്വിൻറൽ നെല്ലാണ് ലഭിച്ചത്.
50 സെൻറ് മുതൽ ഒരേക്കർവരെ നിലമുള്ള 30 ലധികം കർഷകരാണ് പൊന്നങ്കരി പാടശേഖരത്തുള്ളത്. വെച്ചൂർ ഇടയാഴം കോളനിവാസി അമ്മിണി ഒരേക്കറിൽ നടത്തിയ കൃഷിയിൽ രണ്ട് ക്വിൻറൽ നെല്ലാണ് ലഭിച്ചത്. തലയാഴം ഉല്ലല പുത്തൻതറയിൽ സന്തോഷ് 50 സെൻറിൽ നടത്തിയ കൃഷിയിൽ ഒരു ക്വിൻറൽ നെല്ലാണ് ലഭിച്ചത്. കഴിഞ്ഞ തവണ സന്തോഷിന് 12 ക്വിൻറൽ നെല്ല് ലഭിച്ചിരുന്നു. പൊന്നങ്കരി പോട്ടക്കരി പാടശേഖരത്തിനു സമീപം താമസിക്കുന്ന പാപ്പക്ക് ഒരേക്കറിൽ നടത്തിയ കൃഷിയിൽ നാല് ക്വിൻറൽ നെല്ലു ലഭിച്ചു. കഴിഞ്ഞ തവണ 22 ക്വിൻറൽ ലഭിച്ച സ്ഥാനത്താണ് പാപ്പക്ക് ഈ തിരിച്ചടി നേരിട്ടത്.
മണിക്കൂറിന് 2000 രൂപ കൊയ്ത്തു യന്ത്രത്തിന് വാടക നൽകിയാണ് കൊയ്തത്. ഏക്കറിനു 20,000 രൂപയോളം മുടക്കിയാണ് കർഷകർ കൃഷിയിറക്കിയത്. വിളനാശമുണ്ടായതോടെ കർഷകർ കൊയ്ത്തുയന്ത്രത്തിന് വാടക നൽകാൻ തന്നെ ഏറെ ക്ലേശിച്ചു. പലിശക്ക് കടം വാങ്ങിയും വായ്പയെടുത്തും സ്വർണം പണയംെവച്ചും കൃഷിയിറക്കിയ കർഷകർക്ക് കൃഷി നശിച്ചതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. കടക്കെണിയിലായ കർഷകർക്ക് സർക്കാർ ധനസഹായം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.