വേമ്പനാട്ടുകായലിൽ ജലനിരപ്പ് താഴ്ന്നു; ബോട്ട് അടുപ്പിക്കാനാകുന്നില്ല
text_fieldsവൈക്കം: വേമ്പനാട്ടുകായലിൽ ജലനിരപ്പ് താഴ്ന്നതോടെ ബോട്ട്ജെട്ടി പരിസരത്ത് ചളി അടിഞ്ഞു. ബോട്ടുകൾ ജെട്ടിയിലേക്ക് അടുപ്പിക്കാൻ കഴിയാതെ ജീവനക്കാർ വലയുന്നു. ആഴം കുറഞ്ഞ ഭാഗങ്ങളിൽ കുടുങ്ങുന്നത് ബോട്ട് തകരാറിലാകുന്നതിനുമിടയാക്കും. എട്ടുവർഷം മുമ്പാണ് ഒടുവിൽ ബോട്ട്ജെട്ടിയും പരിസരവും ചളിനീക്കി ആഴംകൂട്ടിയത്. പ്രളയകാലത്ത് ചളിയും മാലിന്യവും കനത്ത തോതിൽ അടിഞ്ഞതാണ് ജലഗതാഗതത്തിന് തിരിച്ചടിയായത്.
ബോട്ടുകളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സമാകുന്ന ചളിയും മണൽക്കൂനകളും ബോട്ടുകൾ കേടുവരുത്തുന്നു. പഴയ ജെട്ടിയുടെ പ്ലാറ്റ്ഫോമിന് പുറത്ത് കായലിൽ 13 മീറ്റർ ആഴമുണ്ടായിരുന്നിടത്ത് ഇപ്പോൾ ആഴം നാലുമീറ്ററായി കുറഞ്ഞു. ജെട്ടിയിലും പരിസരത്തും ബോട്ട് ചാലിലും അടിഞ്ഞ ചളിയും മണലും അടിയന്തരമായി നീക്കുന്നതിന് ജലഗതാഗത വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.