സർക്കാർ ഓഫിസുകളുടെ പൂട്ട് തകർത്ത് മോഷണം
text_fieldsവൈക്കം: വൈക്കത്തെ മൂന്ന് സർക്കാർ ഓഫിസുകളുടെ പൂട്ടു തകർത്ത് മോഷണശ്രമം. കോടികളുടെ നിർമാണ പ്രവർത്തനങ്ങളുടെ നിർവഹണവുമായി ബന്ധപ്പെട്ട മറവന്തുരുത്തിൽ പ്രവർത്തിക്കുന്ന കിഫ്ബി ലാൻഡ് അക്വിസേഷൻ ജില്ല ഓഫിസ്, കുലശേഖരമംഗലം സ്മാർട്ട് വില്ലേജ് ഓഫിസ്, ഒരുമതിലിന് അപ്പുറം പ്രവർത്തിക്കുന്ന മറവന്തുരുത്ത് മൃഗാശുപത്രി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
ഇതിൽ മറവന്തുരുത്ത് മൃഗാശുപത്രിയിൽനിന്ന് 230 രൂപ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇവിടെനിന്ന് ഒരു ടർക്കിയും അപഹരിച്ചു. വ്യാഴാഴ്ച രാവിലെ ഓഫിസ് തുറന്ന ജീവനക്കാരാണ് ഓഫിസ് കുത്തിത്തുറന്ന നിലയിൽ കണ്ടത്. വിവരം അധികൃതരെ അറിയിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലെ നിർമാണപ്രവർത്തനങ്ങളുടെ നിർവഹണവുമായി ബന്ധപ്പെട്ട കിഫ്ബി ഓഫിസിന്‍റെ രണ്ടു മുറികളുടെ വാതിൽ കമ്പിപ്പാര കൊണ്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. മേശപ്പുറത്തും അലമാരയിലുമുണ്ടായിരുന്ന ഫയലുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പണമിടപാട് ഓൺലൈനായി നടക്കുന്നതിനാൽ ഓഫിസിൽ പണം സൂക്ഷിക്കാത്തതിനാൽ പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും വിലപിടിപ്പുള്ള ഫയലുകൾ ഏതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് അധികൃതർ പരിശോധിച്ചു വരികയാണ്.
കിഫ്ബി ഓഫിസ് പ്രവർത്തിക്കുന്ന വളപ്പിൽതന്നെയുള്ള സ്മാർട്ട് വില്ലേജ് ഓഫിസിന്‍റെ ഷട്ടർ തകർത്ത് പൂട്ട് അറുത്ത് മാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരയും മേശയും തുറന്ന് ഫയൽ അലങ്കോലപ്പെടുത്തിയെങ്കിലും ഇവിടെ ഉണ്ടായിരുന്ന വില പിടിപ്പുള്ള കമ്പ്യൂട്ടർ, ലാപ് ടോപ് എന്നിവ നഷ്ടമായിട്ടില്ല. വൈക്കം എ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.