വൈക്കത്ത് മോഷണം വ്യാപകം
text_fieldsവൈക്കം: വൈക്കത്ത് ചെറുകിട കടകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നു. തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തിനു പിന്നിൽ ടൗൺഹാൾ റോഡിന് സമീപത്തെ വീടിനോടു ചേർന്ന് പ്രവർത്തിക്കുന്ന അർജുൻ തമ്പിയുടെ കടയിൽനിന്ന് കഴിഞ്ഞ ദിവസം 3000 രൂപയും ഭക്ഷണസാധനങ്ങളും മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇതേ കടയിൽ മൂന്നുതവണ മോഷണം നടന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് രണ്ട് മിഠായി ടിന്നുകളാണ് ആദ്യം മോഷണം പോയത്. തുടർന്ന് ദിവസങ്ങൾക്ക് ശേഷം ഉച്ചക്ക് 720 രൂപ മോഷ്ടിച്ചു. പിന്നീട് 2000 രൂപയോളം അപഹരിക്കപ്പെട്ടു. മോഷണം പതിവായതോടെ കടയിൽ സി.സി ടി.വി സ്ഥാപിച്ചു. കഴിഞ്ഞ ദിവസത്തെ മോഷണത്തിന്റെ ദൃശ്യം സി.സി ടി. വി യിൽ പതിഞ്ഞിട്ടുണ്ട്. കൗമാരക്കാരൻ കടയിൽനിന്ന് വസ്തുക്കൾ മോഷ്ടിച്ചു പുറത്തേക്ക് പോകുന്നതാണ് ദൃശ്യത്തിലുള്ളത്. മോഷണവുമായി ബന്ധപ്പെട്ട് കടയുടമ അർജുൻ തമ്പി വൈക്കം പൊലീസിൽ പരാതി നൽകി.
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ ടൗൺഹാൾ റോഡിലുള്ള എണ്ണക്കടയിൽനിന്ന് ഒന്നര മാസത്തിനിടെ മൂന്ന് തവണ പണം അപഹരിച്ചു. വൈക്കം വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിലും വൈപ്പിൻപടിയിലെ കടയിലും ഇതിനുമുമ്പ് മോഷണം നടന്നിരുന്നു. പൊലീസ് അന്വേഷണത്തിൽ മോഷണത്തിനു പിന്നിൽ കൗമാരക്കാരായ സംഘമാണെന്ന് കണ്ടെത്തിയിരുന്നു. കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവർക്കെതിരെ പൊലീസ് നടപടി കർശനമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.