ഹോം ഗാർഡോ സിഗ്നൽ സംവിധാനമോ ഇല്ല; ചേരുംചുവട് ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsവൈക്കം: വൈക്കം-വെച്ചൂർ-കുമരകം റോഡിൽ ചേരുംചുവട് ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. വൈക്കം-കുമരകം, വൈക്കം-തലയോലപ്പറമ്പ്, വൈക്കം-എറണാകുളം തുടങ്ങിയ പ്രധാന റോഡുകളിലേക്കടക്കം നഗരത്തിലേക്ക് നേരിട്ട് കടക്കാതെ എത്തുന്നതിന് യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന ജങ്ഷനാണിത്. നാലു വശത്തേക്കും പ്രധാന റോഡുകൾ ഉള്ളതിനാൽ കാലങ്ങളായി വൻഗതാഗതക്കുരുക്ക് ഈ ജങ്ഷനിലുണ്ടായിരുന്നു.
ഇവിടെ ഉണ്ടായിരുന്ന ഹോം ഗാർഡ് ഇപ്പോഴില്ല. ഹോം ഗാർഡിന്റെ ഇടപെടൽ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമായിരുന്നു. ഹോം ഗാർഡിനെ മാറ്റിയതോടെയാണ് ഗതാഗതക്കുരുക്ക് ഇപ്പോൾ നിയന്ത്രണാതീതമായത്. ചേരുംചുവട് പാലത്തിന് വീതി കുറഞ്ഞതിനാൽ ഒരേസമയം ഒരു വാഹനത്തിന് മാത്രമേ കടന്നുപോകാൻ കഴിയൂ എന്നതും സ്ഥിതി ഗുരുതരമാക്കുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ ബസ് കാറിൽ ഇടിച്ച് നാലുപേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ചേരുംചുവട് ജങ്ഷനിൽ ഹോം ഗാർഡിനെ നിയമിക്കുകയോ സിഗ്നൽ സ്ഥാപിക്കുകയോ ചെയ്താൽ മാത്രമേ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കഴിയു. ചേരുംചുവട് ജങ്ഷനിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് അടിയന്തര ഇടപെടൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.