മികവിന്റെ കേന്ദ്രമെന്ന നേട്ടവുമായി ഉദയനാപുരം കുടുംബാരോഗ്യ കേന്ദ്രം
text_fieldsവൈക്കം: ഉദയനാപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് അംഗീകാരം. സംസ്ഥാനത്തുതന്നെ ഏറ്റവും ഉയർന്ന 97 ശതമാനം സ്കോർ നേടിയാണ് ഉദയനാപുരം കുടുംബാരോഗ്യ കേന്ദ്രം എൻ.ക്യു.എ.എസ് അംഗീകാരം നേടിയത്. മേയിൽ കേന്ദ്ര ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്.
‘ആർദ്രം’ പദ്ധതിയിൽ ഉൾപ്പെടുത്തി 57 ലക്ഷം രൂപ വിനിയോഗിച്ച് നാഷനൽ ഹെൽത്ത് മിഷന്റെ മേൽനോട്ടത്തിലാണ് ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ വർധിപ്പിച്ചത്. ഒ.പി നവീകരണം, രോഗികൾക്കുള്ള കാത്തിരിപ്പുകേന്ദ്രം, സ്ക്രീനിങ് റൂം, ലാബ്, പൊതുജനാരോഗ്യത്തിനും മാതൃശിശു സംരക്ഷണത്തിനുമായി നവീകരിച്ച കെട്ടിടം, നേത്ര പരിശോധന കേന്ദ്രം തുടങ്ങി കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉദയനാപുരത്ത് സജ്ജമാണ്.
മൂന്ന് ഡോക്ടർ, രണ്ട് സ്റ്റാഫ് നഴ്സ്, രണ്ട് ഫാർമസിസ്റ്റ് എന്നിവരുടെ സേവനമാണ് ആശുപത്രിയിൽ നിലവിലുള്ളത്. ഇതിൽ ഓരോ ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവരെ ഗ്രാമപഞ്ചായത്താണ് നിയമിച്ചിട്ടുള്ളത്. പൊതുജനാരോഗ്യ വിഭാഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്സ്, മൂന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, നാല് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഒരു പാലിയേറ്റിവ് നഴ്സ് എന്നിവരെ കൂടാതെ 23 ആശ വർക്കർമാരുമാണ് സേവനത്തിനുള്ളത്. ഒ.പിയിൽ ഡോക്ടർമാരുടെ സേവനം വൈകീട്ട് ആറുവരെയുണ്ട്.
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് 30 ലക്ഷത്തോളം രൂപ ഇക്കാലയളവിൽ പഞ്ചായത്ത് ചെലവഴിച്ചു. ഉദയനാപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച അംഗീകാരം പഞ്ചായത്തിനും പൊതുജനാരോഗ്യ വിഭാഗത്തിനും കൂടിയാണെന്നും ഇത് അഭിമാനമാണെന്നും ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.