വൈക്കത്തഷ്ടമി; 24 മണിക്കൂറും കണ്ട്രോള് റൂം, സുരക്ഷക്ക് 550 പൊലീസ് ഉദ്യോഗസ്ഥർ
text_fieldsവൈക്കം: വൈക്കത്തഷ്ടമി സുഗമമായി നടത്താൻ ക്രമീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. വൈക്കത്തഷ്ടമി, ശബരിമല തീർഥാടക സൗകര്യം വിലയിരുത്താൻ ചേര്‍ന്ന ആലോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവംബര്‍ 12 മുതല്‍ 23 വരെയാണ് വൈക്കത്തഷ്ടമി. 24 മണിക്കൂറും പൊലീസ്, അഗ്നിരക്ഷസേന, എക്സൈസ് വിഭാഗങ്ങളുടെ കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കും.
ക്ഷേത്രത്തിലും പരിസരങ്ങളിലും സുരക്ഷ ക്രമീകരണങ്ങള്‍ക്ക് 550 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ക്ഷേത്രവും പരിസരവും സി.സി ടി.വി നിരീക്ഷണത്തിലായിരിക്കും. ഇതിനായി 45 സ്ഥിരം സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തകരാറിലായ സി.സി ടി.വികളും ഹൈമാസ്റ്റ് ലൈറ്റുകളും അഷ്ടമിക്ക് മുമ്പായി നന്നാക്കും. ലഹരി വസ്തുക്കളുമായി വിതരണക്കാര്‍ മേഖലയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണെന്നും പ്രതിരോധിക്കാൻ സംയുക്ത സ്ക്വാഡ് രൂപവത്കരിക്കണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ആംബുലന്‍സ്-മരുന്ന് സേവനങ്ങളും ലഭ്യമാകും. ക്ഷേത്രത്തിനു സമീപം നഴ്സുമാരുൾപ്പെടുന്ന പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കും. ലീഗല്‍ മെട്രോളജി വകുപ്പിന്റെയും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തും.
ക്ഷേത്രത്തിലെയും മറ്റു കുടിവെള്ള സ്രോതസ്സുകളിലെയും ജലം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കും. ചീഫ് വെറ്ററിനറി ഓഫിസറുടെ നേതൃത്വത്തില്‍ എലഫെന്റ് സ്ക്വാഡും പ്രവർത്തിക്കും. വഴിയോര കച്ചവടത്തിന് അനുമതി നൽകുമ്പോൾ വൈദ്യുതിത്തൂണുകൾ കടകൾക്കുള്ളിൽ വരാത്ത വിധം നൽകണമെന്ന കെ.എസ്.ഇ.ബിയുടെ നിർദേശം യോഗം അംഗീകരിച്ചു. വൈക്കം കായലോര ബീച്ചില്‍ ബാരിക്കേഡ് സംവിധാനം ഉണ്ടാകും. ജലഗതാഗതവകുപ്പ് സ്പെഷല്‍ സര്‍വിസ് ഉള്‍പ്പെടെ ഏർപ്പെടുത്തും.
തിരക്ക് പരിഗണിച്ച് തവണക്കടവിലും വൈക്കത്തുമുള്ള ബോട്ടു ജെട്ടികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. കെ.എസ്.ആര്.ടി.സി വിവിധ സ്ഥലങ്ങളിലേക്ക് അധിക സര്‍വിസ് നടത്തും. 15 ബസുകള്‍ ഇതിനായി തയാറാക്കും. നഗരത്തില്‍ ഇ-ടോയ്ലറ്റ് സംവിധാനം ഒരുക്കും. സ്വകാര്യ ബസുകൾക്ക് പാര്‍ക്കിങ് സംവിധാനമൊരുക്കണമെന്ന ആവശ്യവും പരിഗണിക്കും. താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡ് അടിയന്തരമായി നന്നാക്കും. ആശുപത്രി, ബോട്ട്ജെട്ടി എന്നിവിടങ്ങളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും.
സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. കലക്ടർ ജോൺ വി. സാമുവൽ, നഗരസഭ അധ്യക്ഷ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, ജില്ല പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, പാലാ ആർ.ഡി.ഒയുടെ ചുമതല വഹിക്കുന്ന എം. അമൽ മഹേശ്വർ, അഡീഷനൽ എസ്.പി. വിനോദ് പിള്ള, വൈക്കം ഡിവൈ.എസ്.പി സിബിച്ചൻ ജോസഫ്, തഹസിൽദാർ എ.എൻ. ഗോപകുമാർ, നഗരസഭ അംഗം ഗിരിജ കുമാരി, ദേവസ്വം കമീഷണർ കെ.ആർ. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.