വൈക്കത്തഷ്ടമി: പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യം
text_fieldsവൈക്കം: എഴുപത് വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും അഷ്ടമി ഉത്സവത്തിന്റെ അവസാന മൂന്നുദിവസം ക്ഷേത്രദർശനത്തിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്താൻ വൈക്കത്തഷ്ടമിയുടെ ആലോചനയോഗത്തിൽ തീരുമാനം.
ക്ഷേത്രത്തിലെയും നഗരത്തിലേയും മാലിന്യങ്ങൾ നിർമാർജനം ചെയ്യേണ്ടത് മുനിസിപ്പാലിറ്റിയുടെ ഉത്തരവാദിത്വമാണന്നും അഷ്ടമി ഇല്ലെങ്കിൽ നഗരസഭയും ഇല്ലെന്ന് അവലോകനസമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ വാസവൻ പറഞ്ഞു. അടുത്തയോഗത്തിൽ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.
സി.കെ.ആശ എം.എൽ.എ ചടങ്ങിൽ അധ്യക്ഷയായി. ക്ഷേത്രസുരക്ഷക്കായി പൊലീസിന്റെ നിർദേശപ്രകാരം നാല് റൊട്ടേറ്റ് കാമറകൾ ഉൾപ്പെടെ 34 സ്ഥിരംകാമറകൾ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും ആവശ്യപ്പെട്ടാൽ കൂടുതലായി രണ്ടു കാമറകൾകൂടി സ്ഥാപിക്കുമെന്നും ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ജി.മുരാരി ബാബു അറിയിച്ചു.
എഴുന്നള്ളിപ്പുകൾക്കും ഭക്തരുടെ വിശ്രമത്തിനുമായി ക്ഷേത്രത്തിലൊരുക്കുന്ന താൽക്കാലിക പന്തലിന്റെയും ബാരിക്കേഡുകളുടെയും അളവ് വർദ്ധിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ജില്ല ഭരണകൂടം, പൊലീസ് കൺട്രോൾറൂം, മെഡിക്കൽവിഭാഗം എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും.
അഷ്ടമിയുടെ അവസാന മൂന്നുദിവസം വൈക്കം-തവണക്കടവിൽ അധിക ബോട്ട് സർവീസും നടത്തും. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കും. ലീഗൽ മെട്രോളജിവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധനകൾ കർശനമാക്കും.കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തും. വൈദ്യുതി മുടങ്ങാതിരിക്കാൻ കെ.എസ്.ഇ.ബി ശ്രദ്ധിക്കും. സ്കൂബ ടീമുൾപ്പടെ അഗ്നിരക്ഷാ സേനയും എക്സൈസ് രംഗത്ത് ഉണ്ടാവും.
യോഗത്തിൽ പാലാ ആർ.ടി.ഒ. പി.ജി. രാജേന്ദ്രബാബു, തഹസിൽദാർ ഇ.എം റെജി, മുനിസിപ്പൽ ചെയർപേഴ്സൺ രാധികാശ്യാം, എ.എസ്.പി നകുൽ രാജേന്ദ്ര ദേശമുഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്ത്, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ജി. മുരാരി ബാബു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.