വൈക്കം സത്യഗ്രഹം നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടിയുള്ള സമരം -വി.ഡി. സതീശൻ
text_fieldsവൈക്കം: വൈക്കം സത്യഗ്രഹ സമരത്തിന്റെ നൂറാം വാർഷികം ടി.കെ. മാധവൻ നഗറിൽ (വൈക്കം സത്യഗ്രഹ മെമ്മോറിയൽ ഹാൾ) പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
നീതിനിഷേധിക്കപ്പെട്ട മനുഷ്യരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയും അതോടൊപ്പം സാമൂഹിക നീതിക്ക് വേണ്ടിയും നടത്തിയ സമരമായിരുന്നു വൈക്കം സത്യഗ്രഹം. സമരനായകനായിരുന്ന ടി.കെ. മാധവൻ കോൺഗ്രസ് സമ്മേളനത്തിൽ അയിത്തോച്ഛാടന പ്രമേയം അവതരിപ്പിച്ചു. ഇത് കേവലം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ സമരമായിരുന്നില്ല. മറിച്ച് രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം നൂറ്റാണ്ടുകളോളം നീതിനിഷേധിക്കപ്പെട്ട ഒരുകൂട്ടം മനുഷ്യരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നതിനും അതോടൊപ്പം സാമൂഹികനീതിക്കുവേണ്ടിയും നടത്തിയ സമരമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് വി.ഡി. സതീശൻ പറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദന്റെ അധ്യക്ഷതയിൽ നടന്ന വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമര നേതാക്കളായിരുന്ന ടി.കെ. മാധവന്റെയും മന്നത്ത് പത്മനാഭന്റെയും തന്തൈ പെരിയാറിന്റെയും ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാഗാന്ധിയുടെയും പ്രതിമകളിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവും മുൻമന്ത്രിയുമായ കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
രാഷ്ട്രീയ കാര്യസമിതി അംഗവും സത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി കൺവീനറുമായ എം. ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എ. സലിം, അഡ്വ. ജോസി സെബാസ്റ്റ്യൻ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, മോൻസ് ജോസഫ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി ഐ.കെ.രാജു, അഡ്വ. ഫ്രാൻസിസ് ജോർജ്, യു.ഡി.എഫ് ജില്ല കൺവീനർ ഫിൽസൺ മാത്യൂസ്, കെ.പി.സി.സി അംഗം മോഹൻ ഡി.ബാബു, യു.ഡി.എഫ് കൺവീനർ ബി. അനിൽകുമാർ, ചെയർപേഴ്സൺ പ്രീത രാജേഷ്, ഡി.സി.സി ഭാരവാഹികളായ അബ്ദുൾ സലാം റാവുത്തർ, അഡ്വ. എ. സനീഷ് കുമാർ, യു.ഡി.എഫ് ചെയർമാൻ പോൾസൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.