വൈക്കത്തിനുമുണ്ട് കുറച്ച് ശിലാചരിത്രകഥകൾ
text_fieldsദക്ഷിണകാശി എന്നറിയപ്പെടുന്ന വൈക്കത്തിനുമുണ്ട് കുറച്ച് ശിലാചരിത്രകഥകൾ. കേരളത്തിലെ സ്റ്റാച്യു ജങ്ഷന് എന്ന നാമം അര്‍ഹിക്കുന്നത് വൈക്കത്തിനാണ്. വൈക്കം നഗരത്തിലേക്കും ക്ഷേത്രത്തിലേക്കുമുള്ള പാതകള്‍ ആരംഭിക്കുന്ന കവലയാണ് കേരളത്തിലെ യഥാർഥ പ്രതിമാസന്ധി. റോഡുമധ്യേ ടി.കെ.മാധവന്, പാതയോരത്ത് നാലുചുറ്റുമായി പെരിയോര്‍ ഇ.വി.രാമസ്വാമി നായ്ക്കര്‍, മന്നത്ത് പദ്മനാഭന്, തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആര്. എന്ന എം.ജി.രാമചന്ദ്രനും ഭാര്യ വൈക്കം സ്വദേശിനി ജാനകിയും കൂടാതെ വൈക്കം സത്യാഗ്രഹകസ്മാരക ശില്പവും. അതാണ് കേരളത്തിലെ ശരിക്കുമുള്ള പ്രതിമാസന്ധി. കായലോരത്തെ ശിൽപോദ്യാനവും പഴയ ബോട്ടുജെട്ടിയും സത്യാഗ്രഹ സ്മാരക മ്യൂസിയവും വൈക്കത്തെത്തുന്നവർക്ക് മുന്നിൽ ചരിത്രത്തിന്റെ ഗ്രന്ഥം അനാവൃതമാക്കും.
ജ്വലിക്കുന്ന അധ്യായം ‘വൈക്കം വീരർ’
വൈക്കം സത്യഗ്രഹത്തിലെ ജ്വലിക്കുന്ന അധ്യായമാണ് പെരിയോർ ഇ.വി.രാമസ്വാമിയുടേത്. ഗാന്ധിയൻ ആശയങ്ങളോട് യോജിപ്പ് ഉണ്ടായിരുന്നില്ലെങ്കിലും ഗാന്ധിജിക്കൊപ്പം അദ്ദേഹം അയിത്തത്തിനെതിരെ പോരാടി. ഒടുവിൽ ‘വൈക്കത്തിന്റെ വീരൻ’ എന്ന പേര് സ്വന്തമാക്കിയാണ് അദ്ദേഹം മടങ്ങിയത്. വൈക്കം സത്യഗ്രഹം ആരംഭിച്ച് ഒരാഴ്ചക്കുള്ളിൽ ജയിലിലായ നേതാവ് ജോർജ് ജോസഫാണ് പെരിയോർ രാമസ്വാമിയെ സത്യഗ്രഹത്തിലേക്ക് ക്ഷണിച്ചത്. അന്ന് തമിഴ്നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായ പെരിയോർ തന്റെ സ്ഥാനം രാജാജിക്ക് കൈമാറിയാണ് 1924 ഏപ്രിലിൽ വൈക്കത്തേക്ക് എത്തിയത്.
ദലിതന്റെ ആത്മാഭിമാനത്തിനായി തീപാറുന്ന പ്രസംഗങ്ങൾ, നാടു നീളെയുള്ള ജാഥകൾ ഇങ്ങനെ അടയാളപ്പെടുത്താം വൈക്കത്തെ പെരിയോറിനെ. ഇതോടെ കൊല്ലത്തും കോട്ടയത്തും അദ്ദേഹത്തിന് വിലക്കേർപ്പെടുത്തി. മേയിൽ അറസ്റ്റിലാവുകയും ചെയ്തു. വൈക്കം സത്യഗ്രഹത്തിൽ കഠിനതടവിന് വിധിക്കപ്പെട്ട ഏക നേതാവാണ് പെരിയോർ. സത്യഗ്രഹത്തിലുണ്ടായിരുന്ന 114 ദിവസത്തിൽ 74 ദിവസവും ജയിൽശിക്ഷ അനുഭവിച്ച പെരിയോർ സമരത്തിന്റെ നെടുംതൂൺ ആയിരുന്നു.
സമരഫലമായി മൂന്ന് വഴികളാണ് ക്ഷേത്രപ്രവേശനത്തിനായി തുറന്നുകൊടുക്കപ്പെട്ടത്. തന്തൈ പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരുടെ ജന്മദിനം സാമൂഹ്യനീതി ദിനമായാണ് തമിഴ്നാട് സർക്കാർ ആചരിക്കുന്നത്.
എല്ലാ ജന്മദിനങ്ങളിലും തമിഴ്നാട് സർക്കാർ പ്രതിനിധികൾ വൈക്കത്തെ സ്മാരകത്തിലെത്തി ആദരവ് അർപ്പിക്കാറുണ്ട്. തമിഴ്നാട് വാങ്ങിയ 73 സെന്റിൽ ഇ.വി.ആർ പ്രതിമയും മ്യൂസിയവും ലൈബ്രറിയും ഉണ്ടായിരുന്നു. എന്നാൽ സ്മാരകം തമിഴ്നാട് സർക്കാരിന്റെ കീഴിലായതിനാൽ സംസ്ഥാന ഭരണസംവിധാനങ്ങൾ ഇത് വേണ്ടരീതിയിൽ പരിപാലിക്കാതായി. അതോടെ മ്യൂസിയം അടക്കം അവഗണിക്കപ്പെട്ടു. മ്യൂസിയത്തിന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപെട്ടതോടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദ്ദേശപ്രകാരം സർക്കാറിന്റെ നവീകരണപ്രവൃത്തികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
തിരുവിതാംകൂർ ശംഖുമുദ്ര പേറിവൈക്കം ബോട്ട് ജെട്ടി
സത്യഗ്രഹ ചരിത്രത്തിന്റെ ഏറ്റവും വലിയ അവശേഷിപ്പാണ് വൈക്കം ബോട്ടുജെട്ടി. രാജഭരണകാലം മുതൽക്കേ വൈക്കത്തെ അടയാളപ്പെടുത്തുന്നതും ഈ അവശേഷിപ്പ് തന്നെ. 1925 മാർച്ച് ഒമ്പതിന് വൈക്കത്ത് തുടങ്ങിയ സത്യഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു ഗാന്ധിജിയുടെ സന്ദർശനം.
കൊച്ചിയിൽ നിന്ന് ബോട്ടുമാർഗം വൈക്കത്തെത്തിയ ഗാന്ധിജിയെ കെ.കേളപ്പൻ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചതും ഇവിടുന്നാണ്.
ഗാന്ധിയുടെ സന്ദർശനത്തിന് എത്രമേൽ പ്രാധാന്യം വൈക്കം സത്യാഗ്രഹത്തിനുണ്ടോ അത്രത്തോളം ബോട്ടുജെട്ടിക്കും ചരിത്രത്തിലുണ്ട്. എന്നാൽ കാലചക്രം തിരിയുന്നതിനനുസരിച്ച് അവഗണനയുടെ ചരിത്രത്തിലേക്ക് ബോട്ടുജെട്ടിയും തള്ളപ്പെട്ടു.
സത്യഗ്രഹത്തിന്റെ 50-ാം വർഷത്തിൽ വൈക്കത്തെത്തിയ ഇന്ദിരാഗാന്ധി അന്ന് മുന്നോട്ടുവെച്ച നിർദ്ദേശവും ബോട്ടുജെട്ടി സ്മാരകമാക്കണമെന്നായിരുന്നു.
പത്ത് ശില, പത്ത് കഥ
മനോഹര അസ്തമയക്കാഴ്ചയൊരുക്കി അണിഞ്ഞൊരുങ്ങിയ സുന്ദരിയാണ് വൈക്കം ബീച്ച്. ബീച്ചിന്റെ സവിശേഷതകളിലൊന്ന് വഴിയോര ശിൽപങ്ങളാണ്. കേരള ലളിതകലാ അക്കാദമിയാണ് വൈക്കത്തെ ശിൽപോദ്യാനം നിർമിച്ചത്. 11 ലക്ഷം രൂപ മുടക്കി നിർമിച്ച പത്തോളം ശിൽപങ്ങളാണ് ഇവിടുള്ളത്.
വൈക്കം സത്യഗ്രഹത്തിന്റെ സ്മരണയായി നിർമിച്ച് നഗരസഭക്ക് കൈമാറിയ ശിൽപോദ്യാനം സത്യഗ്രഹത്തിന്റെ വിവിധകഥകളാണ് സന്ദർശകരോട് പങ്കുവെക്കുന്നത്. പത്ത് ശിൽപികൾ ചേർന്ന് ആറുമാസത്തെ വഴിയോര ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു നിർമാണം.
2015ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു വൈക്കത്തെ ജനങ്ങൾക്കായി ശിൽപോദ്യാനം സമർപ്പിച്ചത്. പത്ത് ആശയങ്ങളെയാണ് പത്ത് ശിൽപങ്ങളും പ്രതിനിധീകരിക്കുന്നത്. അയിത്തം കൽപിച്ച് ഗാന്ധിജിയെ പുറത്തിറക്കി ഇരുത്തുകയും പിന്നീട് ചെത്തു തൊഴിലാളി യൂനിയൻ ഓഫിസായി മാറ്റപ്പെടുകയും ചെയ്യപ്പെട്ട് ചരിത്രത്തിന്റെ ഭാഗമായ ഇണ്ടംതുരുത്തിമനയും തമിഴ്നാട് ഭരണചക്രം തിരിച്ച എം.ജി.ആറിന്റെ ഭാര്യ ജാനകിയുടെ കുടുംബവീടും തുടങ്ങി സത്യഗ്രഹത്തിന്റെ ഏടുകൾ വിവരിക്കുന്ന വൈക്കം സത്യഗ്രഹ ഗാന്ധി മ്യൂസിയവും ചരിത്രത്തിന്റെ താളിയോലയിലെ ഓരോ അധ്യായങ്ങളായി വൈക്കത്ത് നിലനിൽക്കുന്നു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.