വൈക്കം-തവണക്കടവ് ജങ്കാർ സർവിസ് പുനരാരംഭിക്കാൻ ധാരണ
text_fieldsവൈക്കം: നിർത്തിവെച്ച വൈക്കം-തവണക്കടവ് ജങ്കാർ സർവിസ് പുനരാരംഭിക്കാൻ തീരുമാനം. ഈ മാസം 28ന് മുമ്പ് സർവിസ് പുനരാരംഭിക്കാനാണ് വൈക്കം നഗരസഭയും പള്ളിപ്പുറം പഞ്ചായത്തും തമ്മിൽ ധാരണയിലെത്തിയിരിക്കുന്നത്. നേരത്തേ സർവിസ് നടത്തിപ്പ് കരാർ നൽകാനായി മൂന്ന് തവണ ടെൻഡർ നടത്തിയിരുന്നു. എന്നാൽ, കഴിഞ്ഞവർഷത്തെക്കാൾ കുറഞ്ഞ തുകയാണ് കരാറുകാർ മുന്നോട്ടുവെച്ചത്.
ഇതോടെ കുറഞ്ഞ ലേലത്തുകയായതിനാൽ കരാർ നൽകാനാവില്ലെന്ന നിലപാടിലായിരുന്നു തദ്ദേശസ്ഥാപനങ്ങൾ. കുറഞ്ഞ തുകക്ക് കരാർ ഉറപ്പിച്ചാൽ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ലഭിക്കേണ്ട വരുമാനം കുറയുമെന്നതായിരുന്നു കാരണം. നേരത്തേ അറ്റകുറ്റപ്പണിക്കായി ജങ്കാർ സർവിസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതിനിടെ സർവിസ് ഏറ്റെടുത്ത വ്യക്തിയുമായുള്ള കരാർ കാലാവധി അവസാനിച്ചത്. തുടർന്നാണ് നഗരസഭയും പള്ളിപ്പുറം ഗ്രാമപഞ്ചായത്തും ചേർന്ന് ലേലം വിളിച്ചത്.
ലേലം നൽകാൻ തയാറാകാത്ത തദ്ദേശസ്ഥാപനങ്ങളുടെ നിലപാടിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് കുറഞ്ഞ തുകക്ക് കരാർ ഉറപ്പിക്കാൻ ഇവർ തീരുമാനിച്ചത്. കെട്ടിട നിർമാണ ഉപകരണങ്ങളും മറ്റ് അസംസ്കൃത വസ്തുക്കളും കോട്ടയത്തേക്കും ആലപ്പുഴയിലേക്കും കൊണ്ടുപോകാൻ പ്രധാനമായി ആശ്രയിക്കുന്നത് ജങ്കാർ സർവിസിനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.