പോളപ്പായൽ ഭീഷണിയിൽ വേമ്പനാട്ടുകായൽ
text_fieldsവൈക്കം: വേമ്പനാട്ടുകായലിൽ തണ്ണീർമുക്കം മുതൽ പൂത്തോട്ട വരെ പോളയും മാലിന്യവും നിറഞ്ഞനിലയിൽ. പോളപ്പായൽ നിറഞ്ഞതോടെ വൈക്കം ജെട്ടിയിൽ ബോട്ടുകൾ അടുപ്പിക്കാനാവുന്നില്ല. ഇതോടെ വൈക്കം-തവണക്കടവ് ബോട്ട് സർവിസിന്റെ സമയക്രമവും അവതാളത്തിലായി. കാറ്റിന്റെ ഗതിയനുസരിച്ച് കായൽത്തീരത്തിനടുത്താണ് പായൽ തിങ്ങിനിറയുന്നത്. തവണക്കടവിലും പോളപ്പായൽ ധാരാളമായിട്ടുണ്ട്. എങ്കിലും വൈക്കം ജെട്ടി തീരത്താണ് വ്യാപകം.
മത്സ്യത്തൊഴിലാളികൾക്ക് ചെറുവള്ളങ്ങളിൽ പോലും കായലിൽ ഇറക്കാൻ പറ്റാത്ത അവസ്ഥയാണ്. പാടശേഖരങ്ങളിൽനിന്നും ഇടത്തോടുകളിൽനിന്നും മൂവാറ്റുപുഴയാറിന്റെ കൈവഴികളിലുംനിന്നും തള്ളിവിടുന്ന പോളകളും കായലിൽ അടിഞ്ഞുകൂടി കായൽജലം വിഷലിപ്തമാകുന്ന നിലയിൽ മാലിന്യം തള്ളൽ കേന്ദ്രമായി മാറുകയാണ്.
പാർക്കിന് സമീപം അടിഞ്ഞുകൂടുന്ന മാലിന്യവും സന്ദർശകർക്ക് നിത്യകാഴ്ചയായി. ഒപ്പം ബീച്ചിന്റെ പരിസരവും വ്യത്യസ്തമല്ല. കായൽ മലിനീകരിക്കപ്പെട്ടതോടെ മത്സ്യസമ്പത്തും കുറഞ്ഞു. അപൂർവയിനം മത്സ്യങ്ങൾക്ക് വംശനാശം നേരിടുന്നതായി പറയുന്നു.
ജെട്ടിയിൽ ബോട്ട് അടുപ്പിക്കുക എന്നത് ജീവനക്കാരുടെ ഭഗീരത പ്രയത്നമാണ്. തവണക്കടവിൽനിന്നും എത്തുന്ന ബോട്ടുകൾ വൈക്കം ജെട്ടിയിൽ ജീവനക്കാർ കയർ കെട്ടിവലിച്ചാണ് അടുപ്പിക്കുന്നത്. നേരേകടവ്-മാക്കേക്കടവ്, ചെമ്മനാകരി, മണപ്പുറം ഭാഗങ്ങളിലും ബോട്ടുയാത്രക്ക് ഭിഷണിയായി പോള വ്യാപിക്കുകയാണ്. തീരപ്രദേശങ്ങളിൽ ആരോഗ്യഭീഷണിയും നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.