വേമ്പനാട്ടുകായൽ നീന്തി ഏഴുവയസ്സുകാരി
text_fieldsവൈക്കം: ഗിന്നസ് റെക്കോഡിനായി വേമ്പനാട്ടുകായലിന്റെ മൂന്നുകിലോമീറ്റർ വീതിയുള്ള ഭാഗം ഒന്നേമുക്കാൽ മണിക്കൂർകൊണ്ട് നീന്തി ഏഴുവയസ്സുകാരി. കോതമംഗലം കറുകടം കൊടക്കപ്പറമ്പിൽ ബേസിൽ കെ. വർഗീസിന്റെയും അഞ്ജലിയുടെയും മകൾ ജുവൽ മറിയം ബേസിലാണ് ഈ കൊച്ചുമിടുക്കി.
ശനിയാഴ്ച രാവിലെ 8.15ന് ചേർത്തല തവണക്കടവിൽ അരൂർ എം.എൽ.എ ദലീമ ജോജോ ഫ്ലാഗ്ഓഫ് ചെയ്തു. 10ഓടെ വൈക്കം കോവിലകത്തുംകടവിൽ എത്തിയ ജുവലിനെ വൈക്കം നഗരസഭ ചെയർപേഴ്സൻ രേണുക രതീഷ് സ്വീകരിച്ചു. തലയോലപ്പറമ്പ് സ്വദേശി ഡോ. ഹൈബി ജോൺ ജുവലിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി രാവിലെ മുതൽ ഒപ്പമുണ്ടായിരുന്നു. കറുകിടം വിദ്യാവികാസ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ജുവലിന്റെ സഹോദരൻ ജോഹൻ ബേസിലിനെ നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ പരിശീലിപ്പിക്കുമ്പോൾ പുഴയോരത്ത് കാഴ്ചക്കാരിയായി എത്തുന്ന ജുവലിന്റെ നിരന്തര നിർബന്ധംകൊണ്ടാണ് ബിജു മാതാപിതാക്കളുടെ അനുവാദത്തോടെ കഴിഞ്ഞ ഏപ്രിൽ മുതൽ നീന്തൽ പരിശീലിപ്പിക്കാൻ ആരംഭിച്ചത്. ജുവലിന്റെ നീന്തലിനോടുള്ള അഭിനിവേശത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ബിജു തങ്കപ്പന്റെ സഹോദരീപുത്രൻ അനന്തു കൈകൾ ബന്ധിച്ച് കഴിഞ്ഞ നവംബർ 13ന് വേമ്പനാട്ടുകായൽ നീന്തിക്കടന്നിരുന്നു. സാമൂഹിക പ്രവർത്തകയും ജോസ് കെ. മാണി എം.പിയുടെ ഭാര്യയുമായ നിഷ, കോതമംഗലം നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു ഗണേശ്, ഉദയനാപുരം പഞ്ചായത്ത് അംഗം ദീപേഷ് തുടങ്ങി നിരവധിപേർ അനുമോദനവുമായി എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.