ഓളപ്പരപ്പിൽ ജലോത്സവാഘോഷം, താണിയൻ ഒന്നാമൻ
text_fieldsവൈക്കം: മുറിഞ്ഞപുഴയിൽ നടന്ന രണ്ടാമത് ചെമ്പിലരയൻ ജലോത്സവത്തിൽ ഇരുട്ടുകുത്തി എ ഗ്രേഡിൽ താണിയൻ ഒന്നാംസ്ഥാനം നേടി. തുരുത്തിപ്പുറം രണ്ടാംസ്ഥാനവും പൊന്നരത്തമ്മ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ മടപ്ലാതുരുത്ത് ഒന്നാംസ്ഥാനവും ഗോതുരുത്ത് രണ്ടാംസ്ഥാനവും സെന്റ് ജോസഫ് നമ്പർ രണ്ട് മൂന്നാംസ്ഥാനവും നേടി.
സി ഗ്രേഡ് ഒന്ന് ചെറുവള്ളങ്ങളുടെ മത്സരത്തിൽ പടയാളി ഒന്നാംസ്ഥാനവും ശ്രീവിഷ്ണു, ഓം നമശിവായ എന്നീ വള്ളങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. വനിതകളുടെ നാടൻവള്ളം ഗ്രേഡ് രണ്ടിൽ വൈക്കത്തപ്പൻ ഒന്നാംസ്ഥാനവും ജലറാണി, ദേവസേനാപതി എന്നീ വള്ളങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
വള്ളംകളി ആരംഭിച്ചത് മുതൽ അവസാനം വരെ മഴ പെയ്തിട്ടും മത്സരത്തിന്റെ ആവേശം ഒട്ടും ചോർന്നില്ല. വള്ളങ്ങളിലും പുഴയിലും ഇരുകരയിലുമായി നിരവധിപേർ തുഴച്ചിലുകാരെ ആവേശഭരിതരാക്കാൻ ആർപ്പുവിളിയും കരഘോഷവും മുഴക്കി.
ജലോത്സവത്തിൽ ഗോതുരുത്തുപുത്രൻ, താണിയൻ, തുരുത്തിപ്പുറം, പൊന്നരത്തമ്മ, സെന്റ് സെബാസ്റ്റ്യൻ നമ്പർ വൺ, ഹനുമാൻ നമ്പർ വൺ തുടങ്ങി 21 വള്ളങ്ങൾ മത്സരത്തിൽ മാറ്റുരച്ചു.
ജലോത്സവം കാംകോ ചെയർമാൻ സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എസ്.ഡി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.കെ. രമേശൻ, ട്രഷറർ കെ.എസ്. രത്നാകരൻ, അബ്ദുൽജലീൽ, പി.എ. രാജപ്പൻ, വി.കെ. മുരളീധരൻ, കെ.ജെ. പോൾ, കുമ്മനം അഷറഫ്, എം.കെ. സുനിൽകുമാർ, പ്രകാശൻ മൂഴികരോട്ട്, അമൽരാജ്, സുനിത അജിത്, ലത അനിൽകുമാർ, ടി.ആർ. സുഗതൻ എന്നിവർ സംസാരിച്ചു.
വിജയികൾക്കുള്ള ട്രോഫി വി.കെ. മുരളീധരൻ, കെ.ജെ. പോൾ തുടങ്ങിയവർ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.