കാവാലത്ത് കരുതലുമായി ‘കൂട്ടുകാരികൾ’
text_fieldsവൈക്കം: 2020 മിക്കവരും മറക്കാനാനിഷ്ടപ്പെടുന്ന വർഷമാണ്. കോവിഡ് മഹാമാരി ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും വെല്ലുവിളി ഉയർത്തിയ നാളുകൾ, പേക്കിനാവുകളിൽ പോലും നാം കാണാത്ത ശൂന്യത നിറഞ്ഞ നാളുകൾ, പെൺജീവിതങ്ങളിലും അക്കാലയളവിൽ മാറ്റങ്ങളും, മുന്നേറ്റങ്ങളും ഉണ്ടായി. ഭരണമികവിന്റെ, ധീരതയുടെ, ചോദ്യംചെയ്യലുകളുടെ, കൂട്ടുചേരലുകളുടെ ഒരുപാട് മാതൃകകൾ രൂപപ്പെട്ടു.
കരുതൽ, കഠിനാധ്വാനം, അതിജീവനം എന്നീ മേഖലകളിൽ തന്റെ ഇടം തിരിച്ചറിഞ്ഞ ഒരുപാട് സ്ത്രീകൾ അപരന്റെ ദുഃഖത്തിൽ പങ്കുചേർന്നു. കുട്ടനാട്ടിലെ വെളിയനാട് ബ്ലോക്കിലെ കാവാലം പഞ്ചായത്ത് ചെയർപേഴ്സനായിരുന്ന ബിന്ദു തങ്കച്ചൻ, ഉപാധ്യക്ഷ മോളമ്മ സതീഷ്, രോഹിണി സുരേഷ്, സുഗതകുമാരി, സന്ധ്യ സോണി, സുസ്മിത ഗിരീഷ് എന്നിവർ തങ്ങളുടെ കടമ തിരിച്ചറിഞ്ഞ അവസരം.
നാട് മുഴുവൻ കർഫ്യൂ ആയിരുന്ന നാളുകളിൽ വീടുകളിൽ ട്രെഞ്ചുകളിലെന്ന പോലെ കയറി കിടന്ന കോവിഡ് രോഗികൾക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുകയായിരുന്നു ഇവരുടെ ഡ്യൂട്ടി.വീടിന് പുറത്തിറങ്ങാനും, പണിക്കുപോകാനും കഴിയാതിരുന്നവർ ഈ ‘കൂട്ടുകാരി’കൾക്കായി വഴിക്കണ്ണുമായി കാത്തിരുന്നു. ‘ഭീതി വേണ്ട, ജാഗ്രത മതി’യെന്ന് ഇവർ സദാ ഓർമപ്പെടുത്തി.
കോവിഡ് കാലം കഴിഞ്ഞിട്ടും ഇവർ അന്നമൂട്ട് മുടക്കിയില്ല. ഹോട്ടലുകൾ ഉച്ചയൂണ് നിർത്തലാക്കുമ്പോഴും കാവാലത്തുകാർക്കും, അവിടെ വന്നുപോകുന്നവർക്കും കുടുംബശ്രീ ഹോട്ടൽ മുഖേന ഇവർ ഭക്ഷണം നൽകുന്നു. സർക്കാർ സബ്സിഡി മുടങ്ങിയിട്ടും ഈ കൂട്ടുകാരികൾ വിഭവസമൃദ്ധമായ ഉച്ചഭക്ഷണമാണ് ഒരുക്കുന്നത്.
ആകാശം പോലും അതിർത്തിയല്ലെന്ന് വിചാരിക്കുന്ന ഈ പെൺകൂട്ടായ്മ നാട്ടിലെ സാമൂഹികരംഗത്തും സജ്ജീവസാന്നിധ്യമാണ്. ആത്മവിശ്വാസത്തിന്റെയും, അതിജീവനത്തിന്റെയും മുദ്രാമുഖമാണ് ഈ ‘കൂട്ടുകാരികൾക്ക്.’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.