വലവൂർ സഹ. ബാങ്ക്; നിക്ഷേപം മടക്കിക്കിട്ടാൻ കയറിയിറങ്ങി നിക്ഷേപകർ
text_fieldsകോട്ടയം: നിക്ഷേപം മടക്കിക്കിട്ടാൻ പാലാ വലവൂർ സഹ.ബാങ്കിൽ കയറിയിറങ്ങുകയാണ് നിക്ഷേപകർ. ഓരോ തവണയും തീയതി മാറ്റിപ്പറയുന്നതല്ലാതെ പണം കിട്ടുന്നില്ലെന്ന് നിക്ഷേപകർ പറയുന്നു. മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി നിക്ഷേപിച്ചവരാണ് യഥാസമയം പണംകിട്ടാതെ പ്രതിസന്ധിയിലായത്. പലർക്കും ദിവസം 2000 രൂപവെച്ച് തിരിച്ചുനൽകുന്നുണ്ട്. എന്നാൽ, വലിയ തുകകളുള്ളവർക്ക് ഇത് ഒന്നുമാകില്ല. ഒരു കോടിവരെ പണം നിക്ഷേപിച്ചവരുണ്ട്. വിധവയായ മകളുടെ രണ്ട് മക്കളുടെ പഠനാവശ്യത്തിനായി നിക്ഷേപിച്ച തുകക്കായി ചെന്ന ഗൃഹനാഥനോട് നാലുതവണ തീയതി മാറ്റിപ്പറഞ്ഞു. എം.ബി.ബി.എസിനു പഠിക്കുന്ന പേരക്കുട്ടിക്ക് ഫീസ് അടക്കാനാണ് പണം ആവശ്യപ്പെട്ടത്. അടുത്ത തിങ്കളാഴ്ച ചെല്ലാനാണ് ബാങ്കുകാർ പറഞ്ഞിരിക്കുന്നത്. ഇനി പരീക്ഷാഫീസ് അടക്കാൻ ആരുടെയെങ്കിലും കൈയിൽനിന്ന് കടം വാങ്ങണം. സ്ഥലം വിറ്റുകിട്ടിയ പണമാണ് ഇദ്ദേഹം രണ്ടു കുട്ടികളുടെയും പഠനത്തിനായി ബാങ്കിൽ നിക്ഷേപിച്ചത്. പലതവണയായി പിൻവലിച്ചു. അഞ്ചര ലക്ഷം രൂപ കൂടി ബാക്കിയുണ്ട്. വിദേശത്തുള്ള മക്കൾ പ്രായമായ മാതാപിതാക്കളുടെ ആവശ്യങ്ങൾക്കായി നൽകിയ 10 ലക്ഷം രൂപയാണ് മറ്റൊരാൾ എട്ടുവർഷം മുമ്പ് ബാങ്കിൽ നിക്ഷേപിച്ചത്.
ഇതിന്റെ പലിശകൊണ്ടാണ് ഇവർ കഴിഞ്ഞിരുന്നത്. വീട്ടിലെ ആവശ്യത്തിനു പണമെടുക്കാൻ ചെന്നപ്പോൾ ബാങ്ക് അധികൃതർ പറയുന്നത് പണമില്ലെന്നാണ്. നിരവധി പേരാണ് ഇത്തരത്തിൽ തങ്ങളുടെ പണം കിട്ടാനായി ബാങ്കിൽ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നത്. ആവശ്യത്തിന് ഉപകരിക്കുന്നില്ലെങ്കിൽ തങ്ങളുടെ നിക്ഷേപം കൊണ്ട് എന്തു കാര്യമെന്നാണ് നിക്ഷേപകർ ചോദിക്കുന്നത്.
പണമില്ലെന്നറിഞ്ഞതോടെ കാലാവധി പൂർത്തിയാകാത്ത നിക്ഷേപം കൂട്ടത്തോടെ പിൻവലിക്കാനും നിക്ഷേപകർ എത്തുന്നുണ്ട്. അതേസമയം, ബാങ്ക് ഭരണസമിതി അംഗങ്ങളും അവരുടെ ഇഷ്ടക്കാരും വൻതുക വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് ഒരു വിഭാഗം പറയുന്നു.
ഭൂമിയിടപാടിലെ ക്രമക്കേടിൽ നടപടിയില്ല
കോട്ടയം: 2015ൽ ആസ്ഥാനമന്ദിരം പണിയാൻ കോടികൾ ചെലവിട്ട് ഭൂമി വാങ്ങിയതു മുതലാണ് വലവൂർ സർവിസ് സഹകരണബാങ്കിൽ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. അന്ന് മീനച്ചിൽ അസി. രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ ഭൂമിയിടപാടിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.
2012ൽ എട്ടു ലക്ഷം രൂപക്കു സ്വകാര്യവ്യക്തി വാങ്ങിയ സ്ഥലം മൂന്നുവർഷങ്ങൾക്കുശേഷം 35 ഇരട്ടി വർധനയിൽ 3.27 കോടിക്കാണ് സംഘം വാങ്ങിയത്. വസ്തുവിന് ആധാരത്തിൽ കാണിക്കുന്ന വിലയും വിപണിമൂല്യവും തമ്മിലുള്ള വ്യത്യാസം മൂലമാണ് വിലയിൽ വർധന വന്നതെന്ന ബാങ്കിന്റെ മറുപടി തൃപ്തികരമായിരുന്നില്ല.
പ്രദേശത്തെ മറ്റു വ്യാപാരങ്ങളിൽ ഈ വർധന കണ്ടെത്താനായിട്ടുമില്ല. ഉപസമിതിയെ ചുമതലപ്പെടുത്താതെയും മതിയായ പരസ്യം നൽകാതെയും ധിറുതിയിൽ വസ്തു വാങ്ങിയതിൽ അസ്വാഭാവികതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് വകുപ്പിന് കൈമാറിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
പ്രതിസന്ധി ഇല്ല -ജോയന്റ് രജിസ്ട്രാർ
കോട്ടയം: സഹ.ബാങ്കുകളെ സംബന്ധിച്ച നിലവിലെ വാർത്തകളുടെ അടിസ്ഥാനത്തിൽ മീനച്ചിൽ താലൂക്കിൽ വ്യാപകമായി നിക്ഷേപകർ നിക്ഷേപം മടക്കി ആവശ്യപ്പെടുന്നുണ്ടെന്ന് ജോയന്റ് രജിസ്ട്രാർ. കൂട്ടത്തോടെ പണം ആവശ്യപ്പെടുന്നതിന്റെ പ്രതിസന്ധി ബാങ്കുകളിലുണ്ട്. ബാങ്കുകൾക്ക് തന്നെ പരിഹരിക്കാവുന്നതാണെന്നാണ് വിവരം. അതിനപ്പുറം വലിയ സാമ്പത്തിക പ്രതിസന്ധി ഉള്ളതായി അറിവില്ലെന്നും ജോയന്റ് രജിസ്ട്രാർ പറഞ്ഞു.
നിക്ഷേപം തിരിച്ചു നൽകും -പ്രസിഡന്റ്
കോട്ടയം: എല്ലാ നിക്ഷേപകരുടെയും പണം തിരിച്ചുനൽകുമെന്ന് ബാങ്ക് പ്രസിഡന്റും കേരള ബാങ്ക് ഡയറക്ടറുമായ ഫിലിപ് കുഴികുളം. കുറച്ചുപേർക്ക് പണം നൽകിയിട്ടുണ്ട്. കേരള ബാങ്കിൽനിന്ന് വലവൂർ ബാങ്കിന് പണം കിട്ടാനുണ്ട്. അത് ഉടൻ ലഭിക്കും. കിട്ടിയാലുടൻ നിക്ഷേപകരുടെ പണം നൽകാനാവും. എല്ലാവരും ഒന്നിച്ച് ബാങ്കിനെ സമീപിച്ചതിനാലാണ് പണം നൽകാനാകാത്തത്. 250 കോടിയുടെ നിക്ഷേപമാണ് ബാങ്കിനുള്ളത്. ഇതിൽ 25 കോടി തിരികെ നൽകാനായി. കുടിശ്ശിക തിരിച്ചുപിടിക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.